വിമത കുമിളകള്‍ പൊട്ടിത്തീര്‍ന്നു തളിപ്പറമ്പ് ബേങ്കില്‍ യു.ഡി.എഫിന് എതിരില്ല.

തളിപ്പറമ്പ്: ജില്ലാ നേതൃത്വവും ബ്ലോക്ക് നേതൃത്വവും ശക്തമായി ഇടപെട്ടതോടെ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ മല്‍സര രംഗത്തുണ്ടായിരുന്ന എല്ലാ വിമതരും പിന്‍വാങ്ങി.

ഇതോടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി.

മുന്‍ മണ്ഡലം പ്രസിഡന്റ് ടി.വി.രവി, മണ്ഡലം സെക്രട്ടെറി നൗഷാദ് ഇല്യംസ്, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ചക്കര ദാമോദരന്‍ എന്നിവരാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മല്‍സര രംഗത്തുവന്നത്.

ഡി.സി.സി ജന.സെക്രട്ടെറി ടി.ജനാര്‍ദ്ദനന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി എന്നിവരുടെ ഇടപെടലിലൂടെയാണ് വിമതരെ മുഴുവന്‍ മല്‍സര രംഗത്തുനിന്ന് പിന്തിരിപ്പിക്കാന്‍ കഴിഞ്ഞത്.

ബി.ജെ.പിയുടെ നാല് പേര്‍ പത്രിക നല്‍കിയിരുന്നുവെങ്കിലും യു.ഡി.എഫ് നേതൃത്വവുമായി നടന്ന ചര്‍ച്ചകളെതുടര്‍ന്ന് അവരും പിന്‍മാറുകയായിരുന്നു.