പ്രതികാരമതില്‍-പരാതി കളക്ടര്‍ക്ക് അയക്കാന്‍ താലൂക്ക് വികസനസമിതി തീരുമാനിച്ചു-
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രതികാരമതിലിനെതിരെയുള്ള പരാതി ജില്ലാ കളക്ടര്‍ക്ക് കൈമാറാന്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം തീരുമാനിച്ചു.
പരാതിയില്‍ തളിപ്പറമ്പ് ആര്‍.ഡി.ഒ നേരിട്ട് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.
40 വര്‍ഷം മുമ്പ് 1980-81 കാലത്ത് നിര്‍മ്മിച്ച മതില്‍ അപകടാവസ്ഥയിലായത് പൊളിച്ചുപണിയാന്‍ വികസനസമിതിയില്‍ പരാതി നല്‍കിയ വിരോധത്തിനാണ് പരാതിക്കാരന് കാറ്റും വെളിച്ചവും ലഭിക്കാത്ത വിധത്തില്‍ അമിത ഉയരത്തില്‍ മതില്‍ നിര്‍മ്മിച്ചത്.
ഇതിന്റെ ഒരുവരി കല്ല് നീക്കം ചെയ്യണമെന്ന വികസനസമിതി നിര്‍ദ്ദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ വികസനസമിതി യോഗത്തില്‍ നേരിട്ട് പങ്കെടുത്ത് നിരാകരിച്ചത് വിവാദമായിരുന്നു.
1980 ല്‍ നിര്‍മ്മിച്ച മതില്‍ 2004 ല്‍ നിര്‍മ്മിച്ചതാണെന്ന് കാണിച്ച് വികസനസമിതിയെ തെറ്റിദ്ധരിപ്പിക്കാനും ബ്ലോക്ക് അധികൃതര്‍ ശ്രമിച്ചിരുന്നു.
ഇന്ന് നടന്ന വികസനസമിതി യോഗത്തില്‍ വെച്ചാണ് പരാതി കളക്ടര്‍ക്ക് കൈമാറാന്‍ തീരുമാനിച്ചത്.
മതിലില്‍ ബ്ലോക്ക് പഞ്ചായത്ത് കാറ്റും വെളിച്ചവും നിഷേധിച്ച് നിര്‍മ്മിച്ച പ്രതികാരമതില്‍ എന്ന ബാനര്‍ സ്ഥാപിക്കുമെന്ന് പരാതിക്കാരന്‍ വികസനസമിതിയെ അറിയിച്ചു.
ആലക്കോട്ടെ ബസ്റ്റാന്റില്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ എല്ലാ ബസുകളും കയറാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ആലക്കോട് ബസ്റ്റാന്റ് വികസനസമിതി കണ്‍വീനര്‍ തോമസ് മാണി കളപ്പുരക്കലിന്റെ നിര്‍ദ്ദേശവും വികസനസമിതി യോഗം പരിഗണിച്ചു.
കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ 15 ബസുകള്‍ ബസ്റ്റാന്റില്‍ കയറാതെ ജനങ്ങലെ ബുദ്ധിമുട്ടിക്കുകയാണെന്ന് തോമസ് മാണി ആരോപിച്ചു.
തളിപ്പറമ്പിലെ നിലവിലുള്ള മെയിന്‍ റോഡ് വഴി ബസുകള്‍ കടത്തിവിടുന്നത് സംബന്ധിച്ച് ഏപ്രില്‍ 5 ന് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കാനും യോഗം നിര്‍ദ്ദേശിച്ചു.
നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ആര്‍.ഡി.ഒ ഇ.പി.മേഴ്സി, തഹസില്‍ദാര്‍ പി.സജീവന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.രമണി, പി.ശ്രീമതി, പി.പി.റെജി, എം.വി.അജിത എന്നിവര്‍ പങ്കെടുത്തു.