ഭ്രാന്തന്‍കുന്ന് വഴി വാഹനവുമായി വരല്ലേ; ഭ്രാന്തുപിടിക്കും.

തളിപ്പറമ്പ്: ഭ്രാന്തന്‍കുന്ന് വഴി വാഹനവുമായി പോവുന്നയാള്‍ക്ക് ഭ്രാന്ത് പിടിച്ചില്ലെങ്കിലാണ് കുഴപ്പം.

അത്രയേറെ ജനങ്ങളുെട ക്ഷമ പരീക്ഷിക്കുകയാണ് സര്‍സയ്യിദ് കോളേജ് വഴി ഭ്രാന്തന്‍കുന്നിലേക്കുള്ള യാത്ര.

തളിപ്പറമ്പ് നഗരസഭയിലും കുറുമാത്തൂര്‍ പഞ്ചായത്തിലും ഉള്‍പ്പെടുന്ന ഈ റോഡ് മെക്കാഡം ടാറിംഗ് നടത്തി നവീകരിക്കാന്‍ എം.എല്‍.എ ഫണ്ട് അനുവദിക്കുമെന്ന് പറഞ്ഞിട്ട് വര്‍ഷങ്ങളായിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

സര്‍സയ്യിദ് കോളേജ് ഗെയിറ്റില്‍ നിന്നും മുയ്യം വഴിയുള്ള എയര്‍പോര്‍ട്ട് റോഡിലേക്കുള്ള ഈ റോഡ് കഷ്ടി 120 മീറ്റര്‍ മാത്രമേയുള്ളൂ.

ഇപ്പോള്‍ നൂറുകണക്കിന് വാഹനങ്ങളാണ് സര്‍സയ്യിദ് കോളേജ് റോഡ് വഴി എയര്‍പോര്‍ട്ട് റോഡിലേക്ക് പോകുന്നത്.

എന്നാല്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഈ ഇടുങ്ങിയ റോഡ് കടന്നുകിട്ടുക എന്നത് വലിയ ദുരിതമായി മാറിയിരിക്കയാണ്.

വലിയ കുഴികള്‍ ഉള്ളതിനാല്‍ വാഹനങ്ങള്‍ക്ക് മറികടന്നുപോകാന്‍ സാധിക്കുന്നില്ല.

ഒരു വശത്തെ വാഹനം പോകുന്നതുവരെ എതിര്‍വശത്തുനിന്ന് വാഹനവുമായി വരുന്നവര്‍ക്ക് കാത്തിരിക്കേണ്ടി വരുന്നു.

പലപ്പോഴും മണിക്കൂറുകള്‍ തന്നെ ഇവിടെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു.

ഈ ഭാഗത്തെ എല്ലാ റോഡുകളും വീതികൂട്ടി നവീകരിച്ചിട്ടും ഈ ചെറിയ ദൂരം മാത്രമുള്ള റോഡ് മാത്രം ഇങ്ങനെ കിടക്കുന്നത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.