ചന്ദനമോഷ്ടാക്കളില്‍ നിന്ന് പിടികൂടിയത് 20 ലക്ഷം രൂപയുടെ ചന്ദനം- മൂന്നുപേര്‍ അറസ്റ്റില്‍- രണ്ടുപേര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതം-

തളിപ്പറമ്പ്: ചന്ദനമോഷ്ടാക്കളില്‍ നിന്ന് പിടികൂടിയത് 20 ലക്ഷം രൂപയുടെ 133 കിലോ ചന്ദനം.

ഇന്നലെ പെരുമ്പടവ് തലവില്‍ വിളയാര്‍ക്കോട് ചന്ദനമരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ നാട്ടുകാരുടെ പിടിയിലായത്.

വെള്ളോറയിലെ ഗോപാലകൃഷ്ണന്‍ (48), കെ.പ്രദീപന്‍(48), ബിനേഷ്‌കുമാര്‍(43) എന്നിവരെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വി.രതീശന്‍ അറസ്റ്റ് ചെയ്തത്.

പ്രതികള്‍ എത്തിയ രണ്ട് ബൈക്കുകളും വനംവകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. പെരുവാമ്പ സ്വദേശി നസീര്‍ എന്നയാളാണ് ഇവരില്‍ നിന്ന് ചന്ദനം വാങ്ങി സൂക്ഷിച്ചിരുന്നത്.

ഇയാളുടെ വീട്ടില്‍ നടത്തിയ റെയിഡിലാണ് ചെത്തി മിനുക്കിയ 116 കിലോയും ചെത്താത്ത 17 കിലോ ചന്ദനവും പിടിച്ചത്.

വിളയാര്‍ക്കോട് പ്രദേശത്തെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് ഇവരെ കുടുക്കിയത്.

ഇന്നലെ ഉച്ചക്ക് നാട്ടുകാര്‍ എത്തിയതോടെ ഇവിടെയുണ്ടായിരുന്ന ഷിബു സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

ഇവരുടെ പിന്നില്‍ ഒരു വലിയ സംഘം തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വീടുകളില്‍ നിന്ന് ചന്ദനം മോഷ്ടിക്കുന്നത് ഇവരുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് സംശയിക്കുന്നതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

ഇവരെ ചോദ്യംചെയ്തുവരികയാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.