ന്നാലും എന്റെ ഡീയ്യോനേ—–രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അധികൃതരും അവധിയില്‍ വലഞ്ഞു-

തളിപ്പറമ്പ്: കുട്ടികള്‍ സ്‌കൂളിലെത്തിയ ശേഷമുള്ള ഡി.ഇ.ഒയുടെ അവധി പ്രഖ്യാപനം, രക്ഷിതാക്കള്‍ രോഷാകുലരായി.

കനത്ത മഴയെ തുടര്‍ന്ന് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചതായി

തളിപ്പറമ്പ് ഡി.ഇ.ഒ-ഇന്‍-ചാര്‍ജ് കെ.വി.ആശാലത അറിയിച്ചത് രാവിലെ എട്ടരക്ക് ശേഷമാണ്.

കാസര്‍ഗോഡും വയനാടും ഇന്നലെ തന്നെ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. രാവിലെ രക്ഷിതാക്കള്‍ കളക്ടറുമായി

ബന്ധപ്പെട്ടപ്പോഴാണ് പ്രാദേശികമായി അവധി നല്‍കാന്‍ ഡി.ഇ.ഒമാരെ ചുമതലപ്പെടുത്തിയതായി അറിയുന്നത്.

 

അപ്പോഴേക്കും ഭുരിഭാഗം കുട്ടികളും സ്‌കൂളിലെത്തിയിരുന്നു. അതുകൊണ്ടുതന്നെ പല സ്‌കൂളുകളും അവധിയിലും പ്രവര്‍ത്തിച്ചു.

എന്നാല്‍ സീതീസാഹിബ് എച്ച്.എസ്.എസില്‍ നടന്നുവരുന്ന സേ പരീക്ഷകള്‍ മാറ്റമില്ലാതെ തുടര്‍ന്നു.

കുട്ടികളും രക്ഷിതാക്കളും വളരെ കഷ്ടപ്പെട്ടാണ് ഈ മഴയില്‍ സ്‌കൂളില്‍ എത്തിയത്.

ചില സ്‌കൂള്‍ അധികൃതര്‍ അവധി അറിയാതെ ഉച്ചഭക്ഷണം തയ്യാറാക്കാന്‍ ആരംഭിക്കുകയും ചെയ്തു.

വൈകി വന്ന അവധി പ്രഖ്യാപനം മൂലം ഇവ എന്ത് ചെയ്യണമെന്ന വിഷമവൃത്തത്തിലാണ് സ്‌കൂള്‍ അധികൃതര്‍.

രക്ഷിതാക്കള്‍ പലരും ജോലിക്കു പോകും മുമ്പ് സ്‌കൂളില്‍ എത്തിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ തിരിച്ചു പോകും എന്നും അറിയാത്ത സ്ഥിതിയാണ്.

ഓട്ടോറിക്ഷയിലും മറ്റും എത്തിയ കുട്ടികള്‍ വൈകുന്നേരം റിക്ഷ തിരിച്ചുവരുന്നതുവരെ കാത്തിരിക്കേണ്ട അവസ്ഥയുമായി.

ചില രക്ഷിതാക്കള്‍ ജില്ലാ കളക്ടറെ നേരിട്ട് വിളിച്ചും ഇക്കാര്യത്തിലുള്ള തങ്ങളുടെ പ്രതിഷേധം അറിയിച്ചു.

കളക്ടറുടെ അറിയിപ്പ് യഥാവസരത്തില്‍ ഡി.ഇ.ഒ മാരെ അറിയിക്കാന്‍ വിദ്യാഭ്യാസ ഉപ ഡയരക്ടറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്ന ആക്ഷേപം ശക്തമാണ്.

ലീവ് സംബന്ധിച്ച വിവരം ആദ്യം പ്രസിദ്ധീകരിച്ച കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിന്റെ ഓഫീസിലേക്കും നിരവധി രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും വിളിക്കുകയുണ്ടായി. വായനക്കാരുടെ തള്ളിക്കയറ്റം കാരണം ഞങ്ങളുടെ വെബ്‌സൈറ്റ് തന്നെ ബ്ലോക്കാവുന്ന അവസ്ഥയുണ്ടായി.