മനസുകളെ വിഭജിക്കാന്‍ ആരും നോക്കണ്ട-മദ്രസാ ബസ്‌റ്റോപ്പില്‍ ഇതാ ഒരു മതേതര ദിശാബോര്‍ഡ്-
തളിപ്പറമ്പ്: ഇല്ല, ഞങ്ങളെ അങ്ങിനെയങ്ങ് വിഭജിക്കാന്‍ നോക്കണ്ട. മനസുകളെ വംശീയവല്‍ക്കരിക്കാന്‍ ഒരുവശത്ത് കൊണ്ടുപിടിച്ച് ശ്രമം നടക്കുമ്പോള്‍ ഞങ്ങളെ അങ്ങിനെ വിഭജിക്കാന്‍ നോക്കേണ്ടെന്ന് പറയുകയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ സ്ഥാപിക്കപ്പെട്ട ഒരു ദിശാബോര്‍ഡ്.
മുസ്ലിം വിഭാഗത്തില്‍ പെടുന്നവരല്ലാതെ മറ്റാരും താമസിക്കാത്ത തളിപ്പറമ്പ് മദ്രസ ബസ്‌റ്റോപ്പിലാണ് ഐക്യത്തിന്റെ സന്ദേശം വിളിച്ചോതുന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പ്രദേശവാസിയായ വ്യാപാരിയും പൊതുപ്രവര്‍ത്തകനുമായ പാലക്കോടന്‍ മജീദിന്റെയും ജൗഹര്‍ അബുവിന്റെയും നേതൃത്വത്തില്‍ ബോര്‍ഡ് സ്ഥാപിച്ചത്. തളിപ്പറമ്പ് വലിയ ജുമാഅത്ത്പള്ളി, ഖൂവ്വത്തുല്‍ ഇസ്ലാം അറബിമദ്രസ, സെന്റ്‌മേരീസ് ഫൊറോന ചര്‍ച്ച്, രാജരാജേശ്വര ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ദിശകാട്ടുന്ന വലിയ ബോര്‍ഡ് സ്ഥാപിച്ചത്.
സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് 7000 രൂപ ചെലവില്‍ ബോര്‍ഡ് സ്ഥാപിച്ചത്. ഒരിക്കലും വീണുനശിക്കാതിരിക്കാന്‍ കോണ്‍ക്രീറ്റ് ചെയ്ത തറയിലാണ് ബോര്‍ഡ് വെച്ചിരിക്കുന്നത്.
ബോര്‍ഡ് വെച്ച ദിവസം ഇവിടെ പാലുകാച്ചല്‍ കര്‍മ്മവും നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു.
ബോര്‍ഡിന്റെ അനാച്ഛാദനവും നല്ലരീതിയില്‍ നടത്തണമെന്ന ആഗ്രഹത്തിലാണ് നാട്ടുകാര്‍.
ഒരുതരത്തിലുള്ള വിഭാഗീയതയും ബാധിക്കാത്ത പ്രദേശമായതിനാലാണ് കലുഷിതമായ പുതിയകാലഘട്ടത്തില്‍ തന്നെ ഇത്തരത്തില്‍ ദിശാബോര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് പാലക്കോടന്‍ മജീദ് പറഞ്ഞു.