വിശ്വാസികള്‍ക്ക് വേണ്ടി തല്ലുകൊണ്ടത് സഖാവ് കൃഷ്ണപിള്ളയും എ.കെ.ജിയുമാണെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംഷീര്‍.
തളിപ്പറമ്പ്: തനിക്ക് നേരെ എതിര്‍പ്പുമായി വരുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് സ്പീക്കര്‍ എ.എന്‍.ഷംഷീര്‍. വിശ്വാസികള്‍ക്ക് വേണ്ടി തല്ലുകൊണ്ടത് കൃഷ്ണപിള്ളയും എ.കെ.ജിയുമാണെന്നും അവരന്ന് കൊണ്ട തല്ലിന്റെ ഫലമാണ് ഇന്ന് ഏത് ക്ഷേത്രത്തിലും ജാതിഭേദമന്യേ എല്ലാവര്ക്കും കയറാന്‍ സാധിക്കുന്നതെന്നും അദ്ദേഹം കടമ്പേരിയില്‍ പറഞ്ഞു.

പി.വി.കെ.കടമ്പേരിയുടെ ഒന്‍പതാം ചരമവാര്‍ഷികദിനത്തില്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ നാട്ടില്‍ നാട്ടില്‍ വെറുപ്പിന്റെ വിത്തുവിതക്കാനാണ് പലരും ശ്രമിക്കുന്നത്.
ശാസ്ത്രചിന്ത വളര്‍ത്തിയെടുക്കുക എന്നത് മാത്രമാണ് ഇതിനെ പ്രതിരോധിക്കാന്‍ ഇന്ന് പ്രസക്തമായിട്ടുള്ള കാര്യമെന്നും അദ്ദേഹം പറഞ്ഞു.
ആക്ഷേപങ്ങളും ആരോപണങ്ങളും കേള്‍ക്കുന്നത് ആദ്യമായിട്ടല്ലെന്നും അതൊന്നും കാര്യമാക്കുന്നില്ലെന്നും ഷംഷീര്‍ പറഞ്ഞു.
വര്‍ഗീയതയും വിശ്വാസവും രണ്ടാണെന്നും വിശ്വാസികളില്‍ വര്‍ഗീയത കുത്തിവെക്കാനുള്ള ശ്രമത്തിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ പറയുവന്നവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുന്നു.
നിങ്ങള്‍ എത്രതന്നെ ശ്രമിച്ചാലും ഞങ്ങള്‍ സത്യം പറയുമെന്നും നിങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും അദ്ദേഹം എതിര്‍പ്പുമായി വരുന്നവരെ ഓര്‍മ്മിപ്പിച്ചു.
സത്യം പറയുമ്പോള്‍ നിങ്ങള്‍ക്ക് മുഖം ചുളിയുന്നത് ഞങ്ങളെ ബാധിക്കില്ലെന്നും ഷംസീര്‍ പറഞ്ഞു.
