തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്: നിര്‍മ്മാണ പ്രവൃത്തികള്‍ വിജിലന്‍സ് അന്വേഷിക്കണം: ചെങ്ങുനി രമേശന്‍.
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ഷീ ലോഡ്ജിന്റെ നിര്‍മ്മാണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി നേതാവ് ചെങ്ങുനി രമേശന്‍ ആവശ്യപ്പെട്ടു.
ഈ ഒറ്റനില കെട്ടിട നിര്‍മ്മാണത്തിന് 85 ലക്ഷം രൂപ ചെലവഴിച്ചത് സംശയാസ്പദമാണെന്നും ഇത്രയും തുക അധികമാണെന്നും, ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടിയന്തിരമായി ഷീ ലോഡ്ജ് തുറന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിന് പാര്‍ട്ടി തയ്യാറകുമെന്ന് രമേശന്‍ അറിയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ നാടകമായിരുന്നു ഉദ്ഘാടന മാമാങ്കമെന്നും.
85 ലക്ഷം ചെലവിട്ടു എന്ന് പറയുമ്പോഴും, എന്തുകൊണ്ടാണ് ഇതുവരേയും തുറന്നുകൊടുക്കാത്തത് എന്ന് പറയാനുള്ള മര്യാദയെങ്കിലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇത്തരത്തില്‍ സ്തംഭനത്തിലാണ് എന്നതിന്റെ ഉദാഹരണമാണിതെന്നും രമേശന്‍ പ്രസ്താവനയില്‍ പറഞ്ഞു.
നിലവിലുള്ള ഭരണസമിതി നടത്തിയ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളേക്കുറിച്ചും അന്വേഷണം വേണമെന്നും ചെങ്ങുനി രമേശന്‍ ആവശ്യപ്പെട്ടു.