ഹൈല്‍മെറ്റ് ധരിച്ച യുവാവ് ഓടിച്ച ബൈക്കിന്റെ നമ്പര്‍ വ്യാജമായിരുന്നുവെന്ന് പോലീസ് ചുമടുതാങ്ങിക്ക് സമീപത്താണ് സംഭവം.
അന്വേഷണം നടന്നുവരുന്നതിനിടയിലാണ് മോഷ്ടാവ് ബേക്കല്‍ പോലീസിന്റെ പിടിയിലായത്.
ചോദ്യം ചെയ്തപ്പോഴാണ് പിലാത്തറയില്‍ നടന്ന മോഷണവിവരം വെളിപ്പെടുത്തിയത്. റിമാന്‍ഡിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പരിയാരം പോലീസ് പറഞ്ഞു.
ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് സ്വര്‍ണമാല പിടിച്ചുപറിച്ച് കടന്നുകളയുന്നതില്‍ വിദഗ്്ദ്ധനാണ് ഷംനാദെന്ന് പോലീസ് പറഞ്ഞു.
നിരന്തരം മാലപൊട്ടിക്കല്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അതില്‍ മാത്രം കേന്ദ്രീകരിച്ച് പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.
2023 ജനുവരി മുതല്‍ കാസര്‍ഗോഡ് ജില്ലയില്‍ 20 മാലപൊട്ടിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഷംനാദിന്റെ അറസ്റ്റോടെ മറ്റു കേസുകളിലും തുമ്പുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു.
മാലപൊട്ടിക്കല്‍ നടത്തുന്ന ഓരോ പ്രദേശത്തെയും വഴികളെക്കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണ് പ്രതി.
ഊടുവഴികളെല്ലാം മനസ്സിലാക്കിയാണ് കൃത്യം നടത്തുന്നത്. കാസര്‍കോട്, ബേക്കല്‍, മേല്‍പ്പറമ്പ്, ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനുകളില്‍ എം.ഡി.എം.എ. കേസുള്‍പ്പെടെ പ്രതിക്കെതിരേയുണ്ട്.
മേല്‍പ്പറമ്പ് സ്റ്റേഷന്‍ പരിധിയില്‍ ആറ് മാലപൊട്ടിക്കല്‍ കേസും കാസര്‍കോട് റെയില്‍വേ സ്റ്റേഷനടുത്ത് മാല പൊട്ടിച്ചതും പരിയാരം സ്റ്റേഷന്‍ അതിര്‍ത്തിയില്‍ മാല പൊട്ടിച്ചതും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. പൊട്ടിച്ച മാലകള്‍ മേല്‍പ്പറമ്പ്, കാസര്‍കോട്, എറണാകുളം, സുള്ള്യ എന്നിവടങ്ങളില്‍ വിറ്റ് കാശാക്കുകയാണ് പതിവ്.
മാലയിട്ട് വനിതാ പോലീസും റോഡിലിറങ്ങി
പ്രതി മാല പൊട്ടിച്ച റൂട്ടുകളില്‍ പിങ്ക് പട്രോള്‍ ചുമതലയിലുള്ള വനിതാ പോലീസിനെ മാല ധരിപ്പിച്ച് വേഷം മാറ്റി നടത്തിച്ചു. മാലപൊട്ടിക്കല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വഴികളില്‍ ദിവസവും എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ലെജിത്, ശ്യാംകുമാര്‍, പ്രശോഭ്, വിനീത്, അബ്ദുള്‍സലാം, ലിനീഷ് എന്നിവരെ പരിശോധനയ്ക്ക് നിയോഗിച്ചു.
പ്രതി സഞ്ചരിച്ച തരം വാഹനത്തിന്റെ പട്ടിക സംഘടിപ്പിച്ച് ആര്‍.സി. ഉടമകളെ പരിശോധിക്കാന്‍ ട്രാഫിക് എസ്.ഐ. ഫിറോസ്, ബദിയഡുക്ക സ്റ്റേഷനിലെ പ്രസാദ്, ഓസ്റ്റിന്‍ തമ്പി, ബേക്കലിലെ പ്രമോദ്, സനല്‍, ബിനീഷ്, മേല്‍പറമ്പിലെ സുഭാഷ്, ബേഡകം സ്റ്റേഷനിലെ സജീഷ് എന്നിവരെയും നിയോഗിച്ചു.
സംശയിക്കുന്ന ആളുകളുടെ ഫോണ്‍വിളികള്‍ പരിശോധിക്കാന്‍ ദീപക് വെളുത്തൂട്ടി (ബേക്കല്‍), രഞ്ജിത് (ചന്തേര), ജ്യോതിഷ് (ജില്ലാ ആസ്ഥാനം) എന്നിവരെയും പോലീസ് നിയോഗിച്ചു.
260 സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങള്‍, മുഴുവന്‍സമയ നിരീക്ഷണം
ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ അവലോകനം ചെയ്യുന്നതിനുള്ള പ്രതിമാസയോഗത്തില്‍ മാലപൊട്ടിക്കല്‍ ചര്‍ച്ചയായി. ഒരു മാസത്തിനുള്ളില്‍ പ്രതിയെ പിടിക്കണമെന്ന നിര്‍ദേശം നല്‍കിയതിനാല്‍ ഉദ്യോഗസ്ഥരെല്ലാം ചേര്‍ന്നിരുന്ന് അന്വേഷണപദ്ധതി ആസൂത്രണം ചെയ്തു.
കുറ്റാന്വേഷണ വിദഗ്ധരായ പോലീസുകാരെ ഉള്‍പ്പെടുത്തി 40 അംഗ സംഘത്തെ നിയോഗിച്ച് ഓഗസ്റ്റ് അഞ്ച് മുതല്‍ അന്വേഷണം തുടങ്ങി.
ഗൂഗിള്‍ മാപ്പ് മാതൃകയില്‍ പ്രതി പോയ വഴികളെല്ലാം വരച്ചെടുത്ത് മാലപൊട്ടിക്കലിന്റെ രീതി മനസ്സിലാക്കുകയായിരുന്നു ആദ്യം. 260 സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു.
സൂക്ഷ്മനിരീക്ഷണത്തില്‍ പ്രതി ഓടിച്ച വാഹനങ്ങള്‍ മനസ്സിലാക്കി. അതിനിടെ മുഖം മറച്ചും നമ്പര്‍ മാറ്റിയും വരുന്ന വാഹനങ്ങളില്‍ പോയവരെ വിളിപ്പിച്ചു. പ്രതിയെ മനസ്സിലാക്കുന്നതിനായി ഹെല്‍മെറ്റ് ഉള്‍പ്പെടെ നിരീക്ഷിച്ചു. വെള്ള, സ്വര്‍ണ നിറത്തിലുള്ള സ്‌കൂട്ടറുകളാണ് പ്രതി മോഷണത്തിന് ഉപയോഗിച്ചത്.
എന്നും തോളില്‍ ബാഗുണ്ടാകും. അതില്‍ മാറാനുള്ള വസ്ത്രവും. മാല പൊട്ടിച്ചുകഴിഞ്ഞ് വസ്ത്രം മാറ്റിയാണ് തുടര്‍യാത്രയെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ബേക്കല്‍ ഡിവൈ.എസ്.പി. സി.കെ.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിന്‍, എസ്.ഐ.മാരായ ശ്രീജേഷ്, കെ.എം.ജോണ്‍, ട്രാഫിക് എസ്.ഐ. ഫിറോസ് എന്നിവരും പിങ്ക് പട്രോള്‍, ബദിയഡുക്ക, ബേക്കല്‍, മേല്‍പറമ്പ്, ചന്തേര, വിദ്യാനഗര്‍, ഹൊസ്ദുര്‍ഗ്, ജില്ലാ പൊലീസ് ആസ്ഥാനം എന്നിവിടങ്ങളിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, സി.പി.ഒ.മാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.
അന്വേഷണസംഘത്തിന് 10,000 രൂപ പാരിതോഷികം നല്‍കുമെന്നും സംഘാംഗങ്ങള്‍ക്ക് മെഡലിന് ശുപാര്‍ശ ചെയ്യുമെന്നും ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന അറിയിച്ചു.