ജ്വല്ലറി കവര്‍ച്ച സംഘത്തിലെ മൂന്നാമത്തെ സ്ത്രീയും അറസ്റ്റില്‍-കൊലപാതകം ഉള്‍പ്പെടെ 11 കേസുകളിലെ പ്രതിയാണ് അറസ്റ്റിലായത്.

തളിപ്പറമ്പ്: അറ്റ്‌ലസ് ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മൂന്നുപവന്‍ സ്വര്‍ണവളകള്‍ മോഷ്ടിച്ച സ്ത്രീകളില്‍ രക്ഷപ്പെട്ട മറ്റൊരു സ്ത്രീകൂടി പോലീസിന്റെ പിടിയിലായി.

  തമിഴ്‌നാട് കൃഷ്ണഗിരി ഗാന്ധിനഗര്‍ ആത്തങ്കരൈ സ്വദേശിനിയും സൂര്യകുമാറിന്റെ ഭാര്യയുമായ അലമേലുവിനെയാണ്(42)
തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട്ടില്‍ ഒരു കൊലപാതകം ഉള്‍പ്പെടെ 11 കേസുകളില്‍ പ്രതിയായ അലമേലു സേലം സെന്‍ട്രല്‍ ജയിലില്‍ മറ്റൊരു കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.

തളിപ്പറമ്പ് പോലീസ് പ്രത്യേക പ്രൊഡക്ഷന്‍ വാറണ്ട് ഹാജരാക്കിയാണ് അലമേലുവിനെ കസ്റ്റഡിയില്‍ വാങ്ങിയത്.

ഇന്നലെ രാത്രിയിലാണ് ഇവരെ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെത്തിച്ചത്.

ചോദ്യം ചെയ്തപ്പോള്‍ തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങള്‍ ഇവരുടെ സഹായിയായ ഒരു ലോറി ഡ്രൈവര്‍ക്ക് കൈമാറിയെന്നാണ് ഇവര്‍ പോലീസിനേട് പറഞ്ഞത്.

നവംബര്‍ 9 ന് വൈകുന്നേരമാണ് സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയ തമിഴ്‌നാട് സ്വദേശികളായ ആനന്ദി എന്ന സുധ(36), സഹോദരി കനിമൊഴി(30) എന്നിവര്‍ അറ്റ്‌ലസ് ജ്വല്ലറിയില്‍ നിന്ന് സെയില്‍സ്‌മേന്റെ കണ്ണുവെട്ടിച്ച് 3 വളകള്‍ കവര്‍ന്നത്.

ഇവര്‍ എത്തുന്നതിന് മുമ്പേ ജ്വല്ലറിയില്‍ എത്തിയ സംഘാംഗമായിരുന്നു അലമേലു.

നവംബര്‍ 10 ന് വൈകുന്നേരം കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയില്‍ സമാനമായ മോഷണത്തിന് എത്തിയപ്പോഴാണ് ഇവര്‍ കുടുങ്ങിയത്.

അന്ന് സുധയും കനിമൊഴിയും പിടിയിലായെങ്കിലും അലമേലു ഓടിരക്ഷപ്പെടുകയായിരുന്നു.

ലൈംഗിക തൊഴിലാളികളായ ഇവര്‍ ചില ലോറി ഡ്രൈവര്‍മാരുടെ സഹായത്തോടെയാണ് ഇത്തരത്തില്‍ കവര്‍ച്ച നടത്തുന്നതെന്നാണ് പോലീസ് പറയുന്നത്.

അലമേലു സ്വര്‍ണം കൈമാറിയ ലോറി ഡ്രൈവറെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇയാളാണ് മോഷ്ടാക്കളുടെ സംഘത്തലവന്‍ എന്നാണ് അനുമാനം. രാത്രിയില്‍ ലോറികളില്‍ സഞ്ചരിച്ചാണ് ഇവര്‍ മോഷ്ടിക്കാനുള്ള ഇടങ്ങള്‍ കണ്ടെത്തുന്നത്.

തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറിയിലെ മോഷണത്തിന്റെ വീഡിയോ ജ്വല്ലറി ഉടമകളുടെ ഗ്രൂപ്പുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത് കൊണ്ട് മാത്രമാണ് പ്രതികള്‍ അറസ്റ്റിലായത്.

തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ അലമേലുവിനെ ചോദ്യം ചെയ്തുവരികയാണ്.