നാട്ടുകാര്‍ക്ക് പൊറുതിമുട്ടി-ചെങ്കല്‍ഖനനസ്ഥലം കളക്ടര്‍ സന്ദര്‍ശിച്ചു-
തളിപ്പറമ്പ്: ചപ്പാരപ്പടവ് പഞ്ചായത്തിലെ പടപ്പേങ്ങാട്, ബാലേശുഗിരി പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുന്നതും കുടിവെള്ള കിണറുകള്‍ മലിനമാകുന്നതിനും ഇടയാക്കുന്ന അനധികൃത ചെങ്കല്‍ ഖനനത്തിനെതിരെ ആക്ഷന്‍ കമ്മിറ്റി സമര്‍പ്പിച്ച പരാതി പരിശോധിക്കുന്നതിന് ജില്ലാ കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ സ്ഥലത്തു നേരിട്ടു പരിശോധന നടത്തി.
ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍, കണ്‍വീനര്‍ എ.എന്‍.വിനോദ്, തളിപ്പറമ്പ് തഹസില്‍ദാര്‍ പി.കെ.ഭാസ്‌കരന്‍,
ചപ്പാരപ്പടവ് പഞ്ചായത്ത് സെക്രട്ടറി എ.വി. പ്രകാശന്‍, മനോജ് ശാസ്താംപടവില്‍ ആക്ഷന്‍ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ കളക്ടറോടൊപ്പം ഉണ്ടായിരുന്നു.
ചെങ്ങളായി ഗ്രാമപഞ്ചായത്തില്‍പ്പെട്ട കുളത്തൂര്‍, മാവിലംപാറ എന്നീ പ്രദേശങ്ങളിലെ ദേവസ്വം, മിച്ചഭൂമികളിലാണ് യാതൊരു അനുമതിയുമില്ലാതെ ചെങ്കല്‍പണകള്‍ നടത്തുന്നത്.
ചപ്പാരപ്പടവ് പഞ്ചായത്തിലെ പടപ്പേങ്ങാട്, വെമ്മാണി, ബാലേശുഗിരി പ്രദേശത്തെ റോഡുകള്‍ മുഴുവന്‍ തകരുകയും കുടിവെള്ള കിണറുകള്‍ കലക്കവെള്ളത്താല്‍ മലിനമാവുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്.
ഇതിനെ തുടര്‍ന്ന് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ സന്ദര്‍ശനം നടത്തിയത്.