ആര്‍.എസ്.എസ്. ആക്രമത്തില്‍ പരിക്കേറ്റ് 17 വര്‍ഷമായി ചികില്‍സയിലായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ കിണറില്‍ ചാടി മരിച്ചു.

പാനൂര്‍: ആര്‍എസ്എസ് അക്രമത്തില്‍ ഗുരുതരമായി പരിക്കുപറ്റി 17 വര്‍ഷമായി ചികിത്സ തുടര്‍ന്നു കൊണ്ടിരിക്കുന്ന സിപിഎം പ്രവര്‍ത്തകന്‍ കിണറില്‍ ചാടി മരിച്ചു.

പാനൂര്‍ പൊയിലൂര്‍ വിളക്കോട്ടൂരില്‍ കല്ലിങ്ങേന്റവിടെ ജ്യോതിരാജ് (43) ആണ് മരിച്ചത്.

ഇന്ന്  പുലര്‍ച്ചെയാണ് ഇയാള്‍ സ്വന്തം വീട്ടുകിണറില്‍ ചാടി ജീവനൊടുക്കിയത്.

അക്രമത്തില്‍ ഏറ്റ പരിക്കുകള്‍ കാരണം ജീവിതം ദുസ്സഹമായതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് സംശയിക്കുന്നു.

2008 മാര്‍ച്ച് ആറിന് രാത്രി എട്ടരയോടെ വിളക്കോട്ടൂര്‍ എല്‍.പി സ്‌ക്കൂളിന് സമീപം വെച്ചായിരുന്നു അക്രമം.

ഇരുകാലുകളും, കൈകളുമുള്‍പ്പെടെ ശരീരമാസകലം വെട്ടി പരിക്കേല്‍പ്പിച്ച ശേഷം മരിച്ചെന്നു കരുതിയാണ് ആര്‍എസ്എസ് സംഘം തിരിച്ചുപോയത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ മാസങ്ങളോളം നീണ്ടു നിന്ന ചികിത്സക്കെടുവില്‍ പതുക്കെ ജീവിതത്തിലെക്ക് തിരിച്ചുവന്നെങ്കിലും ഇതുവരെയും ആരോഗ്യം വീണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല.

17 വര്‍ഷവും ശരീരമാസകലമുള്ള വേദനകള്‍ കടിച്ചമര്‍ത്തിയായിരുന്നു ജ്യോതിരാജിന്റെ ജീവിതം.

അക്രമം നടക്കുന്ന 2008ല്‍ ജ്യോതിരാജ് സിപിഎം വിളക്കോട്ടൂര്‍ ബ്രാഞ്ചംഗവും, ഡിവൈഎഫ്‌ഐ വിളക്കോട്ടൂര്‍ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു.

പരേതരായ കുമാരന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ്.

സഹോദരങ്ങള്‍: വത്സരാജ് , സഹദേവന്‍ (മുത്തു),സത്യരാജ്, ഭരതരാജ് .

മൃതദേഹം രാത്രി എട്ടുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

സി.പി.എം ജില്ലാ സെക്രട്ടെറി കെ.കെ.രാഗേഷ് വീട്ടിലെത്തി മൃതദേഹത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.