സുസ്ഥിരയുടെ നേതൃത്വത്തില്‍ കാലാവസ്ഥ വ്യതിയാന ആഘാത നിയന്ത്രണ പദ്ധതി ആരംഭിച്ചു.
പരിയാരം: നബാര്‍ഡിന്റെ ധനസഹായത്തോടെ കണ്ണൂര്‍ ജില്ലയില്‍ ഏഴോം പഞ്ചായത്തില്‍ കാലാവസ്ഥ വ്യതിയാന ആഘാത നിയന്ത്രണ പദ്ധതിയില്‍ 2000 കണ്ടല്‍ ചെടികള്‍ നട്ടുവളര്‍ത്തുന്നു.
ഏഴോം ഗ്രാമപഞ്ചായത്തിലെ പുഴയോരങ്ങളിലാണ് 1500 മീറ്റര്‍ നീളത്തില്‍ കണ്ടല്‍ ചെടികള്‍ നട്ടുവളര്‍ത്തുന്നത്.
ജനകീയ പങ്കാളിത്തത്തോടെയാണ് ഇവയുടെ പരിപാലനം.
കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം നിയന്ത്രിക്കുന്നതില്‍ കൃത്യമായി സ്വാധീനം ചെലുത്തുവാന്‍ കണ്ടല്‍ക്കാടുകള്‍ക്ക് സാധിക്കുന്നുണ്ടെന്ന് പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുത്ത സുസ്ഥിര ഡയരക്ടര്‍ സണ്ണി ആശാരിപ്പറമ്പില്‍, ഡോ.ഏലിയാസ്‌കുട്ടി പൗലോസ്, പ്രസന്ന മനോജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തെ ലഘൂകരിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കണ്ടല്‍ക്കാടുകള്‍ ആഗിരണം ചെയ്യുകയും സംഭരിക്കുകയും ചെയ്യുന്നു.
കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന കൊടുങ്കാറ്റുകള്‍, തീരദേശ ശോഷണം, സുനാമി എന്നിവയ്‌ക്കെതിരായ പ്രകൃതിദത്ത തടസ്സമായി കണ്ടല്‍ക്കാടുകള്‍ പ്രവര്‍ത്തിക്കുന്നു.
പരിസ്ഥിതി വ്യവസ്ഥകളെയും അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കുന്നു.
ജൈവവൈവിധ്യത്തെയും ആവാസവ്യവസ്ഥയുടെ സേവനങ്ങളെയും പിന്തുണയ്ക്കുന്ന ഇവ നിരവധി ജീവജാലങ്ങള്‍ക്ക് ആവാസവ്യവസ്ഥ നല്‍കുന്നു.
കണ്ടല്‍ക്കാടുകള്‍ മലിനീകരണം, അധിക പോഷകങ്ങള്‍ എന്നിവ ഫില്‍ട്ടര്‍ ചെയ്യുന്നു.
ജലത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തുകയും സമുദ്ര ജീവികളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
കണ്ടല്‍ക്കാടിന്റെ വേരുകള്‍ മണ്ണൊലിപ്പ്, മണ്ണിടിച്ചില്‍, അവശിഷ്ടം എന്നിവ തടയുന്നു.
വെള്ളത്തില്‍ വളരുന്ന കണ്ടല്‍ക്കാടുകളുടെ ഇടങ്ങള്‍ മത്സ്യത്തിന്റെ പ്രജനന കേന്ദ്രങ്ങളാണ് കണ്ടല്‍ക്കാടുകള്‍ ഉണ്ടാകുന്നതിന് അനുസരിച്ച് മത്സ്യ സമ്പത്ത് വര്‍ധിക്കുകയും ചെയ്യുന്നു.
ഏഴോം ഗ്രാമപഞ്ചായത്തിലെ ജനകീയ കൂട്ടായ്മകള്‍, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സഹായത്തോടെയും ബോധവല്‍ക്കരണ ക്യാമ്പയിനിലൂടെയും ആണ് പദ്ധതി നടപ്പിലാക്കുന്നത്.
പരിയാരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുസ്ഥിര സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍ എന്ന സ്ഥാപനമാണ് പദ്ധതി നിര്‍വഹണ ഏജന്‍സി.
പദ്ധതിയുടെ ഉദ്ഘാടനം കണ്ടല്‍ ചെടികള്‍ നട്ടുകൊണ്ട് ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദന്‍ നിര്‍വഹിച്ചു
നബാര്‍ഡ് ജില്ല വികസന മാനേജര്‍ ജിഷിമോന്‍ അധ്യക്ഷത വഹിച്ചു.
സുസ്ഥിര ഡയറക്ടര്‍ സണ്ണി ആശാരിപ്പറമ്പില്‍, ഡോ.ഏലിയാസ്‌കുട്ടി പൗലോസ്, ടി.വി.ആശ, പ്രസന്ന മനോജ് എന്നിവര്‍ പരിപാടിയില്‍ പ്രസംഗിച്ചു.