എസ്. വൈ. എസ് സാന്ത്വന കേന്ദ്രം ഞായറാഴ്‌ച നാടിന് സമർപ്പിക്കും

പരിയാരം : കണ്ണൂർ ഗവ.മെഡിക്കൽ കോളജിന് സമീപം എസ്. വൈ. എസ് നിർമിച്ച സാന്ത്വന കേന്ദ്രം 14 ന് ഞായറാഴ്‌ച കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നാടിന് സമർപ്പിക്കും.20 വർഷത്തിലേറെയായി മെഡിക്കൽ കോളജ് ആശുപത്രി കേന്ദ്രീകരിച്ച് നടത്തി വരുന്ന സാന്ത്വന സേവന പ്രവർത്തനങ്ങളുടെ സ്ഥിര സംവി ധാനമായാണ് സാന്ത്വന കേന്ദ്രം ആരംഭിക്കുന്നത്.

തളിപ്പറമ്പ് അൽ മഖറുസ്സുന്നിയ്യയുടെ സഹകരണത്തോടെ എസ്. വൈ. എസ് ജില്ല കമ്മിറ്റിയാണ് സാന്ത്വന കേന്ദ്രം നിർമിച്ചത്. മയ്യിത്ത് പരിപാലനം, സാന്ത്വനം വളൻ്റിയർമാരുടെ സേവനം, ആംബുലൻസ് സർവീസ്, ഡോർമെറ്ററി, ഡയാലിസിസ് സെൻ്റർ, ഫാർമസി, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളാണ് ഘട്ടം ഘട്ടമായി ഇവിടെ ലഭ്യമാക്കുന്നത്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ നിന്നായി മെഡിക്കൽ കോളജിനെ ആശ്രയിക്കുന്ന പാവപ്പെട്ട രോഗികൾക്ക് സാന്ത്വന കേന്ദ്രത്തിലെ സേവനങ്ങൾ ഉപയോഗപ്പെടും.

സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ വൈകീട്ട് നാലിന് ആരംഭിക്കുന്ന പരിപാടിയിൽ പട്ടുവം കെ.പി. അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും.

സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി സന്ദേശ പ്രഭാഷണവും പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണവും നടത്തും. അഡ്‌മിനിസ് ട്രേഷൻ ബ്ലോക്ക് കർണാടക നിയമസഭ സ്‌പീക്കർ യു.ടി. ഖാദർ ഉദ്ഘാടനം ചെയ്യും.

ഡോർമെറ്ററിയുടെ ഉദ്ഘാടനം കേരള സ്പോർട്‌സ് വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. കേരള രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഓഡിറ്റോറിയത്തിന്റെയും കെ. സുധാകരൻ എം.പി. ഡയാലിസിസ് ബ്ലോക്കിൻ്റെയും ഉദ്ഘാടനം നിർവഹിക്കും.

ഫാർമസി ഉദ്ഘാടനം എം വിജിൽ എം.എൽ.എയും സപ്ലിമെൻ്റ് പ്രകാശനം കിയാൽ ഡയറക്ടർ ഹസ്സൻ കുഞ്ഞും നിർവഹിക്കും.

വാർത്ത സമ്മേളനത്തിൽ പട്ടുവം കെ.പി. അബൂബക്കർ മുസ്‌ലിയാർ,
കെ.അബ്ദുൽ റഷീദ് നരിക്കോട്, അബ്ദുൽ റഷീദ് സഖാഫി മെരുവമ്പായി,എം.ടി. നിസാർ അതിരകം, ബി.എ.അലി മൊഗ്രാല്‍
കെ.വി. സമീർ ചെറുകുന്ന്,
മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മൽ എന്നിവർ പങ്കെടുത്തു.