പോലീസുകാര്‍ വിശ്രമത്തിലാണ്-തളിപ്പറമ്പ് ബസ്റ്റാന്റില്‍ എല്ലാം തോന്നുംപോലെ
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റില്‍ ഉച്ചക്ക് ശേഷം പോലീസുകാരില്ല, എല്ലാം തോന്നിയപോലെ.
ബസ്റ്റാന്റിലെ പോലീസ് എയിഡ്‌പോസ്റ്റ് ഉച്ചക്ക് ഒരു മണിയോടെ അടച്ചു പൂട്ടി പോലീസുകാര്‍ വിശ്രമത്തിന് പോവുകയാണ്.
മൂന്നു മണിയോടെയാണ് പിന്നീട് ഡ്യൂട്ടിക്കെത്തുന്നത്.
രണ്ട് മണിക്കൂര്‍ നേരം ബസ്റ്റാന്റ് നാഥനില്ലാ കളരി പോലെയാണ്.
ബസുകള്‍ ട്രാക്കുകളിലേക്ക് കയറ്റാതെ തോന്നിയിടത്തേക്ക് കയറ്റി നിര്‍ത്തുകയാണ്.
യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും പല സ്ഥലത്തായിട്ടാണ്.
പൊതുവെ വലിയ തിരക്കനുഭവപ്പെടുന്ന നഗരസഭാ ബസ്റ്റാന്റില്‍ ഒന്നിലേറെ പോലീസുകാര്‍ ഉണ്ടെങ്കില്‍ മാത്രമേ വാഹന തിരക്ക് കുറക്കാന്‍ കഴിയൂ.
ഗുരുതരമായ ഗതാഗത ചട്ടലംഘനങ്ങളാണ് പരസ്യമായി ബസ്റ്റാന്റില്‍ നടക്കുന്നത്.
എന്നാല്‍ മിക്കവാറും കേവലം ഒരു പോലീസുകാരന്‍ മാത്രമേ ഡ്യൂട്ടിക്ക് ഉണ്ടാകാറുള്ളൂ.
ഇട്ടാവട്ടത്തിലുള്ള ബസ്റ്റാന്റിലേക്ക് ബസുകള്‍ കടന്നുവരുമ്പോള്‍ യാത്രക്കാര്‍ പരക്കംപായുന്ന സ്ഥിതിയാണ്.
വാഹനാപകടങ്ങളില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞ ഈ ബസ്റ്റാന്റില്‍ ഉച്ചക്ക് പോലീസുകാര്‍ ഡ്യൂട്ടിക്ക് ഇല്ലാത്തതിനാല്‍ എല്ലാം കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്.
ബസ്റ്റാന്റിലെ ഡ്യൂട്ടിക്ക് രാവിലെ മുതല്‍ രാത്രി എട്ടുവരെ പോലീസുകാരെ നിയോഗിക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.
