പൂട്ടിയിടല്‍-കേസ്-ഒഴിപ്പിക്കല്‍-ജപ്തി-ഇനി ലേലം. തളിപ്പറമ്പ് സഹകരണ പ്രസ്സ് തീര്‍ന്നു.

തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന ഒരു സഹകരണ സ്ഥാപനം കൂടി മണ്ണടിഞ്ഞു.

ബ്ലോക്ക് കമ്മറ്റി സെക്രട്ടെറി എം.എന്‍.പൂമംഗലം പ്രസിഡന്റായ മഹാത്മജി തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് പ്രിന്റിംഗ് പ്രസ്സാണ് ജപ്തിനടപടിക്ക് ശേഷം ലേലം ചെയ്യാനായി തളിപ്പറമ്പ് മുന്‍സിഫ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

1985 കാലഘട്ടത്തില്‍ ആരംഭിച്ച കോ-ഓപ്പറേറ്റീവ് പ്രസ് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവന്ന സ്ഥാപനമായിരുന്നു.

പള്ളിക്കുട്ടി, പി.വി.നാരായണന്‍കുട്ടി മാരാര്‍, ശ്രീധരന്‍ മാസ്റ്റര്‍, പാലങ്ങാടന്‍ ഗോവിന്ദന്‍, കല്ലിങ്കീല്‍ പത്മനാഭന്‍, പി.വി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രസിഡന്റുമാരായിരുന്നു.

ഒന്നേമുക്കാല്‍ ലക്ഷം രൂപയോളം കയ്യിരിപ്പുള്ള സമയത്താണ് എം.എന്‍.പൂമംഗലം പ്രസിഡന്റായതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.

പാളയാട് പ്രവര്‍ത്തിച്ചുവന്ന പ്രസ്സില്‍ 4 ജീവനക്കാരും മെഷിനറികളും ഉണ്ടായിരുന്നു.

ഭരണസമിതിയുടെ പിടിപ്പുകേട് മൂലം അടച്ചിട്ട പ്രസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയായിരുന്നു.

വാടകക്കുടിശ്ശിക ഈടാക്കാന്‍ കോടതിയില്‍ കേസ് നല്‍കിയ കെട്ടിടം ഉടമക്ക് അനുകൂലമായി വിധിയുണ്ടാവുകയും കെട്ടിടം തിരിച്ചു കൊടുക്കുന്നതോടൊപ്പം പ്രസ്സിനകത്തുണ്ടായിരുന്ന മെഷിനറികള്‍ ജപ്തി ചെയ്യുകയും ചെയ്തു.

ഇവ മെയ്-24 ന് പരസ്യമായി ലേലം ചെയ്യാന്‍ തീരുമാനിച്ചിരിക്കയാണ്.

മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവന്ന ഹൗസിംഗ് സൊസൈറ്റിക്ക് പിന്നാലെ സഹകരണ പ്രസ്സ് കൂടി ഇല്ലാതായിരിക്കയാണ്.