തളിപ്പറമ്പില്‍ എല്‍.ഡി.എഫോ? യു.ഡി.എഫോ? തീരുമാനിക്കുന്നത് മൂന്ന് വാര്‍ഡുകള്‍

തളിപ്പറമ്പ്: നാളെ തളിപ്പറമ്പ് നഗരസഭ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ നഗരഭരണം ഇത്തവണ ആര് പിടിക്കും എന്ന ആകാംക്ഷയുടെ മുള്‍മുന കൂര്‍ത്തുകൂര്‍ത്ത് വരികയാണ്. മൂന്ന് മുന്നണികളും തിരഞ്ഞെടുപ്പ് പരസ്യപ്രചരണം അവസാനിപ്പിച്ച് ഇന്ന് നിശബ്ദ പ്രചരണത്തിന് ഇറങ്ങികഴിഞ്ഞു. കഴിഞ്ഞ രണ്ട് തവണയും യുഡിഎഫ് ആണ് നഗരസഭാഭരണം നടത്തിയത്. പ്രചാരണം തീര്‍ന്നതോടെ ഇത്തവണ മൂന്നാമതും തങ്ങള്‍ തന്നെ ഭരിക്കുമെന്ന് ഉറപ്പിച്ചുപറയാനാവാത്ത അവസ്ഥയിലാണ് യു.ഡി.എഫ്. അതേസമയം എല്‍.ഡി.എഫ് കേന്ദ്രങ്ങളില്‍ ആശ്വാസവും സന്തോഷവും അലയടിക്കുകയാണ്. ഇത്തവണ തങ്ങള്‍  കറുത്ത കുതിരയായി മാറുമെന്നും മൂന്ന് സീറ്റ് നിലനിര്‍ത്തുന്നതോടൊപ്പം കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുമെന്നും ബി.ജെ.പി പറയുന്നു.  വാര്‍ഡ് വിഭജനമാണ് നഗരസഭാ ഭരണം പ്രവചനാതീതമാക്കിയിരിക്കുന്നത്.
2020 ല്‍ 15 വാര്‍ഡുകളില്‍ ജയിച്ച ലീഗിന് 
ഇത്തവണ ഉറച്ച വിജയ സാധ്യതയുള്ള 13 വാര്‍ഡുകള്‍ മാത്രമാണ് ഉള്ളത്. കുപ്പം, സലാമത്ത്‌നഗര്‍, ബദരിയ്യനഗര്‍, ടൗണ്‍, മുക്കോല, കാര്യാമ്പലം, സയ്യിദ്‌നഗര്‍, കുണ്ടാംകുഴി, ഫാറൂഖ്‌നഗര്‍, ആസാദ്‌നഗര്‍, പുഷ്പഗിരി, അള്ളാംകുളം, മന്ന എന്നിവയാണ്  മുസ്ലിംലീഗിന്റെ വാര്‍ഡുകള്‍. 2020 ല്‍ നാല് വാര്‍ഡുകളില്‍ ജയിച്ച കോണ്‍ഗ്രസ് മൂന്ന് വാര്‍ഡുകള്‍ ഉറപ്പിച്ച നിലയാണ്. പൂക്കോത്ത്‌തെരു, നേതാജി, പുഴക്കുളങ്ങര വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വ്യക്തമായ മേല്‍ക്കൈ നേടിക്കഴിഞ്ഞു.
സിപി.എമ്മിന് കുറ്റിക്കോല്‍  ഈസ്റ്റ്, കുറ്റിക്കോല്‍ വെസ്റ്റ്, പുളിമ്പറമ്പ്, ചാലത്തൂര്‍, വൈരാംകോട്ടം, കൂവോട്, കീഴാറ്റൂര്‍, മാന്തംകുണ്ട്, പ്ലാത്തോട്ടം, തുരുത്തി, തുള്ളന്നൂര്‍, ഏഴാംമൈല്‍, കരിപ്പൂല്‍ വാര്‍ഡുകളില്‍ മേല്‍ക്കൈയുണ്ട്.  കോടതിമൊട്ട, പാലകുളങ്ങര, തൃച്ചംബരം വാര്‍ഡുകളില്‍ ബി.ജെ.പി വിജയം ഉറപ്പിച്ചിരിക്കയാണ്.

നിര്‍ണായകമാവുന്നത് മൂന്ന് വാര്‍ഡുകള്‍-

കാക്കാഞ്ചാല്‍, പാളയാട്, രാജരാജേശ്വര എന്നീ മൂന്ന് വാര്‍ഡുകളാണ് തളിപ്പറമ്പ് നഗരസഭ ഭരണം ആര്‍ക്ക് എന്ന് നിശ്ചയിക്കുക.

കാക്കാഞ്ചാല്‍(വാര്‍ഡ്-21)

കാക്കാഞ്ചാല്‍ വാര്‍ഡില്‍ അഞ്ച് സ്ഥാനാര്‍ത്ഥികളാണ് മല്‍സര രംഗത്തുള്ളത്. നഗരസഭയില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കുന്ന വാര്‍ഡാണിത്. രണ്ടുപേര്‍ അപരന്‍മാരായി സ്വതന്ത്ര വേഷത്തിലാണുള്ളത് എന്നതില്‍ നിന്ന് തന്നെ കാക്കാഞ്ചാലിന്റെ പ്രസക്തി രണ്ട് മുന്നണികളും തിരിച്ചറിഞ്ഞുവെന്നത് വ്യക്തം. മൂന്നാംതവണയാണ് കെ.നബീസബിവി കാക്കാഞ്ചാലില്‍ മല്‍സരിക്കുന്നത്. ഏഴാംമൈലില്‍ നിന്നും 2020 ല്‍ വിജയിച്ച സി.പി.എം സ്ഥാനാര്‍ത്ഥി എം.പി.സജീറയാണ് ഇത്തവണ കാക്കാഞ്ചാലില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. മികച്ച കൗണ്‍സിലറെന്ന നിലയില്‍ പേരെടുത്ത സജീറ തുടക്കം മുതല്‍ തന്നെ മേല്‍ക്കൈ നിലനിര്‍ത്തുന്നുണ്ട് എന്നത് എല്‍.ഡി.എഫിന്റെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നുണ്ട്. എല്‍.ഡി.എഫിന് നഗരസഭരണം ലഭിച്ചാല്‍ വൈസ് ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് സജീറയെ ആയിരിക്കുമെന്നാണ് സൂചന.
യു.ഡി.എഫിന് വേണ്ടി മുസ്ലിംലീഗ് വാര്‍ഡില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. കുറ്റിക്കോല്‍ സാംസ്‌ക്കാരിക നിലയമാണ് പോളിംഗ്ബൂത്ത്. ആകെ 943 വോട്ടര്‍മാരാണ് ഇവിടെയുള്ളത്.

പാളയാട്(വാര്‍ഡ്-32)

തുടക്കത്തില്‍ കോണ്‍ഗ്രസിന് ഈസി വാക്കോവര്‍ പ്രതീക്ഷിച്ച പാളയാട് വാര്‍ഡില്‍ അവസാനലാപ്പില്‍ എല്‍.ഡി.എഫിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിലെ പി.പി.വല്‍സല, സി.പി.ഐയുടെ ഷൈജ സുനോജ്, ബി.ജെ.പിയിലെ കെ.ശ്രുതി എന്നിവരാണ് മല്‍സര രംഗത്തുള്ളത്. കല്ലിങ്കീല്‍ പത്മനാഭന്‍ കഴിഞ്ഞ തവണ വിജയിച്ച വാര്‍ഡില്‍ പലവിധത്തിലുള്ള അന്തര്‍ധാരകളും സജീവമാണ്. കല്ലിങ്കീലിനോട് കോണ്‍ഗ്രസ് പാര്‍ട്ടി കാണിച്ച സമീപനം വാര്‍ഡില്‍ നിശബ്ദമായ ഒരു തരംഗം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. നഗരസഭരണം കൈപ്പിടിയിലൊതുക്കണമെങ്കില്‍ ഓരോ വാര്‍ഡും നിര്‍ണായകമാണെന്നതിനാല്‍ സി.പി.എം സജീവമായി തന്നെ എല്‍.ഡി.എഫിലെ സി.പി.ഐ സ്ഥാനാര്‍ത്ഥിക്കുവേണ്ടി രംഗത്തുണ്ട്. ഇവിടെയും യു.ഡി.എഫിന് വോട്ടുപിടിക്കാന്‍ മുസ്ലിംലീഗ് തന്നെയാണ് രംഗത്ത്. പാളയാട് കല്ലിങ്കീല്‍ ഇഫക്ടായിരിക്കും വിധി നിര്‍ണയിക്കുക എന്നത് വ്യക്തമാണ്. 943 വോട്ടര്‍മാരാണ് ഈ വാര്‍ഡിലുമുള്ളത്. കോ-ഓപ്പറേറ്റീവ് കോളേജാണ് പോളിംഗ് ബൂത്ത്.

രാജരാജേശ്വര(വാര്‍ഡ്-3)

519 വോട്ടര്‍മാര്‍ മാത്രമുള്ള രാജരാജേശ്വര വാര്‍ഡില്‍ യഥാര്‍ത്ഥ മല്‍സരം ബി.ജെ.പി സ്ഥാനാര്‍ത്ഥി ഡോ.ശാന്തി ധനഞ്ജയനും സി.പി.എമ്മിന്റെ പി.ലതികയും തമ്മിലാണ്. പ്രവര്‍ത്തിക്കാന്‍ പോലും ആളില്ലാത്തവിധത്തില്‍ നിര്‍ജീവമായ നിലയിലാണ് കോണ്‍ഗ്രസിന്റെ എന്‍.ഷിനിമോളുടെ അവസ്ഥ. നേരത്തെ സി.പി.എം വിജയിച്ച വാര്‍ഡില്‍ ഇത്തവണ ബി.ജെ.പി വിജയിച്ചേക്കും എന്ന ട്രെന്‍ഡ് സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. അക്കിപ്പറമ്പ് യു.പി.സ്‌ക്കൂള്‍ ഒന്നാം ബ്ലോക്കിന്റെ കിഴക്കുഭാഗമാണ് പോളിംഗ്ബൂത്ത്.

കാക്കാഞ്ചാല്‍, പാളയാട്, രാജരാജേശ്വര എന്നീ മൂന്ന് വാര്‍ഡുകളില്‍ ഇടതുമുന്നണി വിജയിച്ചാല്‍ ഇത്തവണ ടി.ബാലകൃഷ്ണന്‍ തളിപ്പറമ്പ് നഗരസഭയുടെ ചെയര്‍മാനാവുമെന്ന കാര്യം തീര്‍ച്ചയാണ്.

 

അവസാനകുറിപ്പ്:

ഈ മൂന്ന് വാര്‍ഡുകളിലും മറ്റൊരു നിശബ്ദമായ അന്തര്‍ധാരയുടെ പ്രവര്‍ത്തനമുണ്ട്. അത് എത്രമാത്രം ബാധിക്കപ്പെടുമെന്നത് തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ വ്യക്തമാവൂ.