അടിസ്ഥാന സൗകര്യ വികസനത്തിനും കൃഷിക്കും പ്രാധാന്യം നല്‍കി തളിപ്പറമ്പ് നഗരസഭാ ബജറ്റ്—.മൂന്നാം ബജറ്റിലും ജനകീയത നിലനിര്‍ത്തി കല്ലിങ്കീല്‍ പത്മനാഭന്‍.

 

തളിപ്പറമ്പ്: അടിസ്ഥാന സൗകര്യ വികസനത്തിനും കൃഷിക്കും പ്രാധാന്യം നല്‍കി തളിപ്പറമ്പ് നഗരസഭാ ബജറ്റ്.

തളിപ്പറമ്പ് നഗരസഭ ഓഫീസ് കോമ്പൗണ്ടിനകത്ത് പുതിയ അത്യാധുനിക ഓഡിറ്റോറിയവും ഷോപ്പിംഗ് കോംപ്ലക്‌സും കോണ്‍ഫറന്‍സ് ഹാളും നിര്‍മ്മിക്കാന്‍ 5 കോടി രൂപ വകയിരുത്തി.

കാക്കാത്തോട് മലയോര ബസ്റ്റാന്റില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടത്തിന് 3 കോടി രൂപയും വകയിരുത്തി.

വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഇന്ന് രാവിലെ അവതരിപ്പിച്ച ബജറ്റിലാണ് ഈ നിര്‍ദ്ദേശങ്ങള്‍.

ദേശീയപാതയോരത്ത് പകല്‍ വിശ്രമകേന്ദ്രത്തിന് ആറ് ലക്ഷവും വെയിറ്റിംഗ് ഷെല്‍ട്ടര്‍ നവീകരണത്തിന് 15 ലക്ഷം രൂപയും അനുവദിച്ചു.

ബസ്റ്റാന്റ് കോംപ്ലക്‌സില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ 22 ലക്ഷം രൂപയും നഗരസഭാ ഓഫീസിനെ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ആറ് ലക്ഷവും വകയിരുത്തി.

ട്രഞ്ചിംഗ് ഗ്രൗണ്ട് നവീകരണത്തിന് 84 ലക്ഷം, പാളയാട് മലിനജല പ്ലാന്റ് ശേഷി വര്‍ദ്ധിപ്പിക്കാന്‍ 1.5 കോടി, റോഡ് നിര്‍മ്മാണത്തിന് 2.2 കോടി, ഡ്രെയിനേജ് നിര്‍മ്മാണം 7 കോടി, അമൃത് കുടിവെള്ള പദ്ധതിക്ക് 6 കോടി, തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ 40 ലക്ഷം,

സോളാര്‍ സിസ്റ്റം ഓണ്‍ ഗ്രിഡ് ആക്കാന്‍ 1.35 കോടിയും നിക്കി വെച്ചു. ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ ബിസിനസ് സെന്റര്‍ ആരംഭിക്കാന്‍ 20 ലക്ഷവും നീക്കി വെച്ചു.

ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് നഗരസഭ പദ്ധതി നിര്‍വ്വഹണത്തില്‍ സംസ്ഥാന തലത്തില്‍ അഞ്ചാം സ്ഥാനത്തും ജില്ലയില്‍ ഒന്നാം സ്ഥാനത്തുമാണെന്ന് പ്രഖ്യാപിച്ചാണ് വൈസ് ചെയര്‍മാന്‍ ബജറ്റ് വായിച്ചു തുടങ്ങിയത്.

നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം കൂട്ടുന്ന ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഭരണപക്ഷ അംഗങ്ങള്‍ ചര്‍ച്ചയില്‍ പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ രണ്ട് ബജററുകളുടെ തനിയാവര്‍ത്തനമാണ് ബജറ്റെന്നും പുതിയ നിര്‍ദ്ദേശങ്ങള്‍ ഇല്ലെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.

എം.കെ.ഷബിത, പി.പി.മുഹമ്മദ് നിസാര്‍, കെ.രമേശന്‍, സി.പി.മനോജ്, പി.റജുല, ഒ.സുഭാഗ്യം, പി.ഗോപിനാഥന്‍, കെ.എം.ലത്തീഫ്, കെ.വത്സരാജന്‍, ഡി.വനജ, പി.വല്‍സല, എം.പി.സജ്‌ന, സി.വി.ഗിരീശന്‍, പി.ഗോപിനാഥന്‍, ഇ.കുഞ്ഞിരാമന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.