ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം, പക്ഷെ, കോപ്പികിട്ടാന്‍ അല്‍പ്പം ബുദ്ധിമുട്ടും-
തളിപ്പറമ്പ്: തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ രണ്ട് മാസമായിട്ടും രജിസ്റ്റര്‍ ചെയ്ത ആധാരം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകം.
സാധാരണഗതിയില്‍ 10 മുതല്‍ 15 ദിവസത്തിനകം തന്നെ രജിസ്റ്റര്‍ ചെയ്ത ആധാരം രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് ലഭിക്കേണ്ടതാണ്. എന്നാല്‍ നിരവധി തവണ ഓഫീസില്‍ കയറിയിറങ്ങിയിട്ടും രേഖകള്‍ ലഭിക്കാതെ ജനം ബുദ്ധിമുട്ടുകയാണ്.
ജോലിഭാരം കൂടിയതും ജീവനക്കാരുടെ കുറവും കാരണമാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച രേഖകള്‍ യഥാസമയം കൊടുക്കാന്‍ സാധിക്കാത്തതെന്നാണ് സബ് രജിസ്ട്രാറുടെ വിശദീകരണം.
നാനൂറിലേറെ രേഖകളാണ് തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞിട്ടും യഥാസമയം തിരിച്ചുകിട്ടാത്തതെന്നാണ് വിവരം.
നേരത്തെ നടന്നതിനേക്കാല്‍ കൂടുതല്‍ രജിസ്‌ട്രേഷനുകള്‍ ഇപ്പോള്‍ നടക്കുന്നുണ്ടെന്നും അതനുസരിച്ച് ജീവനക്കാരെ നിയമിക്കാത്തതാണ് പ്രശ്‌നമെന്നുമാണ് ഓഫീസ് അധികൃതര്‍ പറയുന്നത്.
ജീവനക്കാരുടെ കുറവ് സംബന്ധിച്ച് ജില്ലാ രജിസ്ട്രാറെ വിവരം അറിയിച്ചിട്ടുണ്ടെന്നും പുതിയ ജീവനക്കാര്‍ വരുന്നമുറയ്ക്ക് മാത്രമേ ഇന്നത്തെ പ്രശ്‌നത്തിന് പരിഹാരം കാണാനാവൂവെന്നും സബ് രജിസ്ട്രാര്‍ പറഞ്ഞു.