ധാരാവിയാക്കാന്‍ അനുവദിക്കില്ല-അനധികൃത കച്ചവടം ഒഴിവാക്കാന്‍ ആര്‍.ഡി.ഒ നിര്‍ദ്ദേശം നല്‍കി.

തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡിലെ വലിയ കുട സ്ഥാപിച്ചുള്ള അനധികൃത കച്ചവടങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യാന്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടു.

ആവസ്യമെങ്കില്‍ ഇക്കാര്യത്തില്‍ പോലീസ് സഹായം തേടാനും നഗരസഭയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മെയിന്‍ റോഡിലെ കയ്യേറ്റം സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലായിരുന്നു വികസനസമിതിയുടെ നിര്‍ദ്ദേശം.

അധ്യക്ഷത വഹിച്ച നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭനും ഈ വിഷയം വികസനസമിതി യോഗത്തില്‍ അവതരിപ്പിച്ചു.

സംസ്ഥാനപാതയില്‍ മന്ന-ആലക്കോട് ജംഗ്ഷനിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംബന്ധിച്ച് ഭൂമിയേറ്റെടുക്കല്‍ വിഷയം കൂടി ഉള്‍പ്പെടുന്നതിനാല്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ മുഖേന ഭരണതലത്തില്‍ എത്തിച്ച് തീരുമാനമെടുക്കാന്‍ യോഗം തീരുമാനിച്ചു.

ഏഴോം-കോട്ടക്കീല്‍ പാലം നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ പയ്യന്നൂര്‍ പൊതുമരാമത്ത് പാലങ്ങല്‍ വിഭാഗത്തോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.

തളിപ്പറമ്പ്-ഒടുവള്ളി ബസ് റൂട്ടിലെ ഫെയര്‍ സ്റ്റേജ് അപാകതകള്‍ പരിഹരിക്കാന്‍  ആര്‍.ടി.ഒക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും നടപടികള്‍ സ്വീകരിച്ചില്ലെന്നതിനാല്‍ ഇക്കാര്യത്തില്‍ വീണ്ടും നിര്‍ദ്ദേശം നല്‍കും.

കുട്ടുംമുഖം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തിചികില്‍സ ആരംഭിക്കണമെങ്കില്‍ 8 ഡോക്ടര്‍മാരുടെ സ്ഥിരം തസ്തിക അനുവദിക്കേണ്ടതുണ്ടെന്നും നിലവില്‍ 5 ഡോക്ടര്‍മാര്‍ ഉള്ളതില്‍ 2 പേര്‍ അവധിയിലാണെന്നും,

അനുബന്ധ തസ്തികകളില്‍ കൂടി നിയമനം നടന്നാല്‍ മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും ഡി.എം.ഒ പ്രതിനിധിയും ശ്രീകണ്ഠാപുരം നഗരസഭാ സ്ഥിരം സമിതി ചെയര്‍മാനും യോഗത്തെ അറിയിച്ചു.

തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍, ജനപ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.