കേന്ദ്രസംഘം 24 മണിക്കൂര്‍ വാഹനങ്ങളുടെ എണ്ണമെടുക്കും-കുറുമാത്തൂര്‍-കൂനം റോഡ്.
തളിപ്പറമ്പ്: കുറുമാത്തൂര്‍-പൊക്കുണ്ട്-കണ്ണാടിപ്പാറ റോഡിന്റെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്രസംഘം സപ്തംബര്‍-5 ന് പ്രദേശം സന്ദര്‍ശിക്കും.
പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം നിര്‍മ്മിച്ച റോഡ് പണി പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നിരുന്നു.
റോഡിന്റെ പുനര്‍നിര്‍മ്മിതിക്ക് വേണ്ടി ബന്ധപ്പെട്ടവര്‍ക്ക് എഴുതിയപ്പോള്‍ ഗ്രാമീണ രോഡില്‍ മെക്കാഡം ടാറിംഗ് നടത്തേണ്ടതുണ്ടോ എന്ന് കേന്ദ്രം സംശയം പ്രകടിപ്പിച്ചതായി ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനന്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തെ അറിയിച്ചു.
കേന്ദ്ര ഏജന്‍സിയായി നാറ്റ്പാക്കിന്റെ ഉന്നത സംഘമാണ് കുറുമാത്തൂര്‍, ചെങ്ങളായി, നടുവില്‍ പഞ്ചായത്തുകള്‍ വഴി കടന്നുപോകുന്ന റോഡ് സന്ദര്‍ശിക്കുക.
24 മണിക്കൂര്‍ നേരം ഈ റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ കണക്കെടുപ്പും സപ്തംബര്‍ 5 ന് നടക്കും.
റോഡിലെ ട്രാഫിക് വിലയിരുത്തിയാവും നവീകരണ പ്രവൃത്തികള്‍ ഏത് രീതിയില്‍ വേണെമന്ന് നിശ്ചയിക്കുക.
കെ.വി.കരുണാകരന്‍ ഇത് സംബന്ധിച്ച് ഉന്നയിച്ച പരാതിക്കുള്ള മറുപടിയായിട്ടാണ് ഈ വിവരം അറിയിച്ചത്.
പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലായി പട്ടികവര്‍ഗ വികസന ഓഫീസര്‍ ഒരാള്‍ മാത്രമായതിനാല്‍ രണ്ട് താലൂക്കുകളില്‍ ഉള്ളവര്‍ക്കും മാസങ്ങളായി ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് കുണ്ടേരി പട്ടികവര്‍ഗ കോളനിയിലെ ഊരുമൂപ്പന്‍ പോത്തേര കുമാരന്‍ പരാതിപ്പെട്ടു.
പയ്യന്നൂര്‍ ലാന്റ് ട്രിബ്യൂണല്‍ സിറ്റിംഗ് തളിപ്പറമ്പില്‍ കൂടി അനുവദിക്കണമെന്ന ഉദയഗരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ചന്ദ്രശേഖരന്റെ പരാതി ജില്ലാ കളക്ടറുടെ തീരുമാനത്തിന് വിട്ടു.
തിമിരി, എരുവട്ടി, മുന്നൂറുകുളം എന്നിവിടങ്ങളില്‍ പുതിയ കരിങ്കല്‍ ക്വാറികള്‍ക്ക് പാരിസ്ഥിതികഗ അനുമതി ലഭിച്ചത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് മുന്നൂറുകുളം വികസനസമിതി പരാതിപ്പെട്ടു.
ഈ പരാതി സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്താനും യോഗം തീരുമാനിച്ചു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനന്‍ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി, വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി, തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍ എന്നിവര്‍ സംബന്ധിച്ചു.
