തളിപ്പറമ്പ് മെയിന്‍ റോഡിലൂടെ ബസ് ഗതാഗതം-തീരുമാനം ഈ മാസം തന്നെയെന്ന് വികസന സമിതി യോഗം

തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡ് വഴി കയ്യേറ്റങ്ങള്‍ ഒഴിവാക്കി ബസ് ഗതാഗതം പുന:സ്ഥാപിക്കുന്ന വിഷയത്തില്‍ ഒരു മാസത്തിനകം ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ത്ത് തീരുമാനമെടുക്കാന്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ തീരുമാനമായി.

ആം ആദ്മി പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം എ.ഗോപാലന്‍ ഇതു സംബന്ധിച്ച് നല്‍കിയ പരാതിയിലാണ് തീരുമാനം.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഈ വിഷയം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഏറ്റവും അവസാനം സ്ഥലം എം.എല്‍.എയെ പങ്കെടുപ്പിച്ച് യോഗം ചേരാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും എം.എല്‍.എയുടെ സൗകര്യക്കുറവ് മൂലം നീട്ടിവെക്കുകയായിരുന്നു.

വീണ്ടും ഇത് നീട്ടിവെക്കാനുള്ള നിര്‍ദ്ദേശമുണ്ടായപ്പോഴാണ് ബന്ധപ്പെട്ട അധികൃതര്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്ന് ഗോപാലന്‍ ആവശ്യപ്പെട്ടത്.

ഇതോടെ ഈ മാസം തന്നെ യോഗം വിളിച്ചുചേര്‍ക്കാന്‍ നിര്‍ദ്ദേശിക്കുകയായികുന്നു.

മന്ന ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാനുള്ള എ.സി.മാത്യുവിന്റെ പരാതിയില്‍ ചീഫ് എഞ്ചിനീയറുടെ നിര്‍ദ്ദേശപ്രകാരം പൊതുമരാമത്ത് വകുപ്പിന്റെ കോഴിക്കോട്ടെ ഡിസൈനിംഗ് വിഭാഗം പരിശോധിച്ചുവരികയാണെന്നും അധികം വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കൂട്ടുംമുഖം പി.എച്ച്.സിയില്‍ കിടത്തിച്ചികില്‍സ ആരംഭിക്കുന്നതിന് നവീകരണ പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ വിളിച്ചുവെങ്കിലും ആരം ടെണ്ടര്‍ ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് ഈ മാസം 15 ന് റീടെണ്ടര്‍ വെച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് കെട്ടിടനിര്‍മ്മാണ വിഭാഗം അറിയിച്ചു.

വികസനസമിതി യോഗത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ പ്രതിനിധി പങ്കെടുക്കുന്നില്ലെന്ന ഊരുമൂപ്പന്‍ പോത്തേര കുമാരന്റെ പരാതിക്ക് പരിഹാരമായതായി തഹസില്‍ദാര്‍ യോഗത്തെ അറിയിച്ചു.

തളിപ്പറമ്പ് നഗരത്തിലും താലൂക്ക് ആശുപത്രിക്ക് സമീപത്തും സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്ത സംഭവത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ യോഗം ജോ.ആര്‍.ടി ഒക്ക് നിര്‍ദ്ദേശം നല്‍കി.

ബ്ലോക്ക് ഓഫീസ് അധികൃതര്‍ വീടിന് സമീപം അശാസ്ത്രീയവും സുരക്ഷിതത്വമില്ലാതെയും മതില്‍ നിര്‍മ്മിച്ചതിനെതിരെ നല്‍കിയ പരാതിയില്‍ സ്ഥലം പരിശോധിക്കാന്‍ വികസനസമിതി യോഗം തീരുമാനിച്ചു.

നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ സി.സജീവന്‍, സൂപ്രണ്ട് സുരേഷ് എന്നിവര്‍ സംബന്ധിച്ചു.