തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയിലെ ഭാരവാഹികള്‍ രാജിവെക്കാന്‍ തീരുമാനം.
തളിപ്പറമ്പ്: തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയിലെ അംഗങ്ങള്‍ നിലവിലുള്ള ഭാരവാഹി സ്ഥാനങ്ങള്‍ രാജിവെച്ചു.
മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ടൗണ്‍-ഈസ്റ്റ് കമ്മറ്റി വിഭജനത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി എടുത്ത തീരുമാനത്തിന് വിപരീതമായി ടൗണ്‍ കമ്മിറ്റി പ്രവര്‍ത്തനം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് തീരുമാനം.
ഇത് സംബന്ധിച്ച് കുറച്ചുകാലമായി തളിപ്പറമ്പ് കോണ്‍ഗ്രസില്‍ പല പ്രശനങ്ങളും ഉടലെടുത്തിരുന്നു.
തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കമ്മിറ്റിയില്‍ പലതവണ ഇത് ചര്‍ച്ച ചെയ്യുകയും കമ്മിറ്റിയുടെ ഐക്യകണ്‌ഠേനയുള്ള തീരുമാന പ്രകാരം 3 തവണ മണ്ഡലം കമ്മിറ്റി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ഡി.സി.സി നേതൃത്വം പരാതിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയോ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിരുന്നില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഇതില്‍ പ്രതിഷേധിച്ച് ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് അഡ്വ.സക്കരിയ്യ കായക്കൂല്‍ അവധിയില്‍ പോവുകയും അവധി കഴിഞ്ഞ് ചാര്‍ജ് എടുക്കുവാന്‍ ഡി.സി.സി ആവശ്യപ്പെട്ടിട്ടും പ്രശ്‌നം പരിഹരിക്കാതെ ചാര്‍ജ്ജ് എടുക്കില്ല എന്ന നിലപാടിലായിരുന്നു അദ്ദേഹം.
അതിനു ശേഷം മണ്ഡലം കമ്മിറ്റിയോടോ മണ്ഡലത്തിലെ ബ്ലോക്ക് ഭാരവാഹികളോടോ ആലോചിക്കാതെ ടൗണ്‍ മണ്ഡലത്തിന്റെ ചാര്‍ജ്ജ് വഹിക്കുന്ന മോഹന്‍ദാസിന് ഈസ്റ്റ് മണ്ഡലത്തിന്റെ കൂടി ചുമതല കൊടുത്തത് മണ്ഡലം കമ്മിറ്റിയിലെ ഭൂരിഭാഗം നേതാക്കന്മാരെയും പ്രകോപിതരാക്കിയിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് മണ്ഡലത്തിലെ ബ്ലോക്ക് മണ്ഡലം ഭാരവാഹികള്‍ കഴിഞ്ഞ കുറെ മാസങ്ങളായി കോണ്‍ഗ്രസ് പരിപാടികളില്‍ പങ്കെടുത്തിരുന്നില്ല,
ഡി.സി.സി യുടെ ഈ നിലപാടില്‍ പ്രതിഷേധിച്ചാണ് ഈസ്റ്റ് മണ്ഡലത്തിലെ ജില്ലാ, ബ്ലോക്ക്, മണ്ഡലം, ബൂത്ത് ഭാരവാഹികള്‍ രാജിവെക്കുവാന്‍ ഇന്നലെ ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചത്.