തളിപ്പറമ്പ് താലൂക്ക് ആശുപത്രി- നവീകരിച്ച ഒ.പി വിഭാഗം ഉദ്ഘാടനം 27 ന്
തളിപ്പറമ്പ്: സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം മിഷന് കീഴില്‍ താലൂക്ക് ആശുപത്രികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നവീകരിച്ച തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ഔട്ട്‌പേഷ്യന്റ് വിഭാഗം 27 ന് ചൊവ്വാഴ്ച്ച ഉച്ചക്ക് ശേഷം 2.30 ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2020 ല്‍ ഉദ്ഘാടനം ചെയ്ത മെറ്റേര്‍ണിറ്റി ബ്ലോക്കിന്റെ താഴെയുള്ള രണ്ട് നിലകളാണ് 1.45 കോടി രൂപ ചെയലവഴിച്ച് ഔട്ട്‌പേഷ്യന്റ് വിഭാഗത്തിനായി നവീകരിച്ചത്.
ദേശീയ ആരോഗ്യദൗത്യം വഴിയാണ് ഇതിനായുള്ള ഫണ്ട് ലഭ്യമാക്കിയത്.
വിശാലമായ കാത്തിരിപ്പ് മുറികള്‍, ജനറല്‍ ഒ.പി, എന്‍.സി.ഡി ക്ലിനിക്ക്, വിവിധ സ്‌പെഷ്യാലിറ്റി ഒ.പികള്‍, ഫാര്‍മസി, ലബോറട്ടറി, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, ഇ.സി.ജി, ആംബുലന്‍സ് ഷെഡ് എന്നിവയാണ് ഇതിന്റെ ഭാഗമായി ഒരുക്കിയത്.
താഴെ നിലയില്‍ ജനറല്‍ ഒ.പി, എന്‍.ഡി.ഡി ക്ലിനിക്ക്, ജനറല്‍ മെഡിസിന്‍, സെക്യാട്രി ഒ.പികളും ഫാര്‍മസി, ഇ.സി.ജി, ഐ.സി.ടി.സി, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, ഓഡിയോളജി യൂണിറ്റ്
എന്നിവയും പ്രവര്‍ത്തിക്കും.
ഒന്നാം നിലയില്‍ ഗൈനക്കോളജി, പീഡിയാട്രിക്‌സ്, സര്‍ജറി, നെഞ്ച്രോഗവിഭാഗം, ഇ.എന്‍.ടി, ദന്തല്‍ ഒ.പി, ലബോറട്ടറി, വാക്‌സിനേഷന്‍, പി.പി യൂണിറ്റ്, എന്നിവയും പ്രവര്‍ത്തിക്കും.
ഇരു നിലകളിലും പ്രത്യേകം ഒ.പി കൗണ്‍റുകള്‍ ഉണ്ടാകും. ക്യാഷ് കൗണ്ടര്‍ ഒന്നാം നിലയിലായിരിക്കും.
തളിപ്പറമ്പ് നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആശുപത്രിയില്‍ നിര്‍മ്മിച്ചു നല്‍കിയ റോഡിന്റെയും ശ്വാസകോശ രോഗ വിഭാഗത്തോടനുബന്ധിച്ച് തയ്യാറാക്കിയ പള്‍മനറി റീഹാബിലിറ്റേഷന്‍ യൂണിറ്റിന്റെയും ഉദ്ഘാടനം ഇതോടൊപ്പം നടക്കും.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി അധ്യക്ഷത വഹിക്കും.
അഞ്ച് നിലകളിലായി ആശുപത്രിയില്‍ പുതിയ കെട്ടിടങ്ങള്‍ ഒരുക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്നും
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സംഘാടകസമിതി കണ്‍വീനര്‍ ഐ.വി.നാരായണന്‍, സൂപ്രണ്ട് ഡോ.കെ.ടി.രേഖ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.പി.മുഹമ്മദ്‌നിസാര്‍, എം.കെ.ഷബിത, കെ.നബീസാബീവി എന്നിവര്‍ അറിയിച്ചു.