താലൂക്ക് വികസനസമിതിയില്‍ ജനകീയ പ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെട്ട് കല്ലിങ്കീല്‍ പത്മനാഭന്‍

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ ന്യൂസ് കോര്‍ണര്‍ മുതല്‍ കപ്പാലം വരെയുള്ള ഭാഗത്തെ മെയിന്‍ റോഡിലെ കയ്യേറ്റങ്ങള്‍ ഒഴിവാക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തുമെന് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍.

താലൂക്ക് വികസനസമിതി ആരംഭിച്ചതുമുതല്‍ ഈ പ്രശ്‌നത്തില്‍ പരാതികള്‍ ഉണ്ടായിക്കൊണ്ടിരിക്കയാണെന്ന വിമര്‍ശനത്തിന് ഇന്ന് രാവിലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കപ്പാലം ഭാഗത്തുനിന്നും വാഹനങ്ങള്‍ കടന്നുവരുന്നത് തടയാന്‍ വണ്‍വേ സമ്പ്രദായം കാര്യക്ഷമമാക്കണമെന്ന് വികസനസമിതിയില്‍ ആവശ്യം ഉയര്‍ന്നു.

പോലീസിന്റെ സഹായം ലഭിക്കാത്തതാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും കല്ലിങ്കീല്‍ പറഞ്ഞു.

മൂന്നുകോടിയിലേറെ രൂപ ചെലവഴിച്ച് നവീകരിച്ച കാക്കാത്തോട് ബസ്റ്റാന്റ് മലയോര ബസ്റ്റാന്റാക്കി മാറ്റാന്‍ നടപടികള്‍ സ്വീകരിക്കാതെ  2  വര്‍ഷത്തിലേറെയായി പേ പാര്‍ക്കിംഗിന് നല്‍കിയത് കടുത്ത വിമര്‍ശനത്തനിടയാക്കി.

ഇതിന്റെ ഡി.പി.ആര്‍ അംഗീകരിച്ചതായും അധികം വൈകാതെ ബസ്റ്റാന്റ് ആരംഭിക്കുമെന്നും കല്ലിങ്കീല്‍ യോഗത്തെ അറിയിച്ചു.

പാസഞ്ചര്‍ ബസുകളില്‍ പച്ചക്കറി ചാക്കുകള്‍ കയറ്റിക്കൊണ്ടുപോകുന്നതിനെതിരെ ബസുടമകള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയതായി ആര്‍.ടി.ഒ അധികൃതര്‍ അറിയിച്ചു.

തളിപ്പറമ്പ് താലൂക്ക് ആശുപത്രി മുതല്‍ ബ്ലോക്ക് ഓഫീസ് വരെയുള്ള ഭാഗത്തെ അനധികൃത കയ്യേറ്റങ്ങള്‍ ജനുവരി 7 നകം പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊതുമരാമത്ത് വിഭാഗം അറിയിച്ചു.

കരിവെള്ളൂര്‍-കാവുമ്പായി സെക്യൂരിറ്റി റോഡിലെ കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ താലൂക്ക് സര്‍വേ വിഭാഗത്തെക്കൊണ്ട് സര്‍വേ നടത്തിക്കണമെന്ന ആവശ്യം പരിഗണിച്ചുവരുന്നതായി തഹസില്‍ദാര്‍ യോഗത്തെ അറിയിച്ചു.

ചപ്പാരപ്പടവ് പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ നിര്‍മ്മിച്ച പകല്‍വീട് തുറന്നുപ്രവര്‍ത്തിപ്പിക്കാനായി വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചുവരുന്നതായി പഞ്ചായത്ത് അധികൃതര്‍ യോഗത്തെ അറിയിച്ചു.

മണിക്കല്‍ പാലത്തില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ടെന്നും, പൂര്‍ത്തിയാവുന്ന മുറയ്ക്ക് സ്ഥാപിക്കുമെന്നും പഞ്ചായത്ത് അറിയിച്ചു.

എരുവാട്ടി മുന്നൂറുകുളത്ത് ക്വാറിയിലേക്ക് അനധികൃതമായി റോഡ് നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി ജില്ലാ കൗണ്‍സിലര്‍ സാനിച്ചന്‍മാത്യു നല്‍കിയ പരാതി യോഗം പരിഗണിച്ചു.

തളിപ്പറമ്പ്-ആലക്കോട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസുകളിലും സ്വകാര്യ ബസുകളിലും വ്യത്യസ്ത ചാര്‍ജ് ഈടാക്കുന്നതിനെതിരെ റിട്ട.എ.ഡി.എം എ.സി.മാത്യു നല്‍കിയ പരാതി ആര്‍.ടി.ഒക്ക് കൈമാറാന്‍ യോഗം തീരുമാനിച്ചു.

്‌