പരിയാരത്തെ സാനിട്ടോറിയം ക്യാമ്പ് ഓഫീസ് ഓര്‍മ്മയാവുന്നു–ഉടന്‍ പൊളിച്ചുനീക്കും.

 

കരിമ്പം.കെ.പി.രാജീവന്‍

പരിയാരം: പരിയാരത്തെ പ്രശസ്തമായ ടി.ബി.സാനിട്ടോറിയത്തിന്റെ നിര്‍മ്മാണ മേല്‍നോട്ടത്തിനായി ആദ്യം നിര്‍മ്മിക്കപ്പെട്ട ക്യാമ്പ് ഓഫീസ് ഏതാനും ദിവസങ്ങള്‍ക്കകം പൊളിച്ചുനീക്കും.

പുതിയ പരിയാരം പോലീസ് സ്‌റ്റേഷന്‍ കെട്ടിടം ഈ മാസം 28 ന് ഉദ്ഘാടനം ചെയ്യപ്പെടുന്നതിന്റെ ഭാഗമായിട്ടാണ് ഇതിന് മുന്നിലുള്ള ക്യാമ്പ് ഓഫീസ് പൊളിച്ചുനീക്കുന്നത്.

1948 ല്‍ അന്നത്തെ മദ്രാസ് പ്രസിഡന്‍സി ഗവര്‍ണറുടെ പത്‌നിയായിരുന്ന ലേഡി നൈ തറക്കല്ലിട്ട ടി.ബി.സാനിട്ടോറിയത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നവര്‍ക്ക് താമസിക്കാനായി ആദ്യം പണിത കെട്ടിടമാണിത്.

ടി.ബി.സാനിട്ടോറിയം രൂപകല്‍പ്പന ചെയ്ത എഞ്ചിനീയര്‍ പാലക്കാട് അപ്പാടു വീട്ടില്‍ നാരായണമേനോന്‍ ഇവിടെ താമസിച്ചാണ് ഇതിന്റെ പ്രാഥമിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

നിരവധി ന്യൂക്ലിയര്‍ ബില്‍ഡിങ്ങുകളാണ് 350 ഏക്കര്‍ വരുന്ന പ്രദേശത്ത് വിവിധ ഭാഗങ്ങളിലായി നിര്‍മ്മിച്ചത്.

ചെറുതും വലുതുമായ നൂറിലേറെ ക്വാര്‍ട്ടേഴ്‌സുകളും നിര്‍മ്മിച്ചു. തമിഴ്‌നാട്ടിലെ ഈറോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ടി.ബി.സാനിട്ടോറിയത്തിന്റെ നിര്‍മ്മാണ മാതൃക തന്നെയാണ് നാരായണമേനോന്‍ ഇവിടെ സ്വീകരിച്ചത്.

അന്ന് ക്ഷയം മാരകരോഗമായതിനാല്‍ നിശ്ചിത അകലം വ്യക്തമായി പാലിച്ചാണ് 350 ബെഡുകളുള്ള 9 വാര്‍ഡുകള്‍ നിര്‍മ്മിച്ചത്.

1950 ല്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സാനിട്ടോറിയത്തിന്റെ 90 ശതമാനം കെട്ടിടങ്ങളും ഇന്നും ഉപയോഗയോഗ്യമാണ്. മൂന്ന് വര്‍ഷത്തോളം ഉപയോഗിച്ച ക്യാമ്പ് ഓഫീസ് പിന്നീട് സാനിട്ടോറിയം ക്വാര്‍ട്ടേഴ്‌സായി മാറി.

1993 വരെ ഈ ക്വാര്‍ട്ടേഴ്‌സ ഉപയോഗിച്ചിരുന്നു. 2018 ല്‍ പോലീസ് സ്‌റ്റേഷന്‍ നിര്‍മ്മാണം തുടങ്ങിയതോടെ കരാറുകാരന്റെ ക്യാമ്പ് ഓഫീസായും തൊഴിലാളികളുടെ താമസ സ്ഥലമായും ഈ കെട്ടിടം ഉപയോഗിച്ചിരുന്നു.

74 വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും മുക്കാല്‍ നൂറ്റാണ്ട് മുമ്പ് ചുമരില്‍ പൂശിയ മഞ്ഞ പെയിന്റിന് പോലും മങ്ങലേറ്റില്ലെന്നറിയുമ്പോഴാണ് ബ്രിട്ടീഷ് നിര്‍മ്മിതിയുടെ മഹത്വം നമുക്ക് ബോധ്യമാവുക.