തലശേരി ബാലഗോപാലന്‍ ക്ഷേത്രത്തിലെ വിളക്കുകള്‍ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍

തലശ്ശേരി: തലശേരി തലായിയിലെ ബാലഗോപാലന്‍ ക്ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍.

പയ്യന്നൂര്‍ രാമന്തളി, കുന്നരു കുരിശുമുക്കിലെ പി.വി.പ്രകാശനെ(46)യാണ് തലശേരി എസ്.ഐ വി.വി.ദീപ്തി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ക്ഷേത്രത്തില്‍ നി ന്ന് പതിനൊന്ന് വിളക്കുകള്‍, ഒരു ഉരുളി, ചട്ടുകം, ഒരു ബക്കറ്റില്‍ സൂക്ഷിച്ച നെയ്‌വിളക്കുകള്‍ എന്നിവ മോഷ്ടിക്കപ്പെട്ടത്.

മാഹിയിലെ ഒരു മദ്യഷാപ്പില്‍ നിന്നും മദ്യപിച്ച പ്രതിയുടെ കയ്യിലുള്ള ബക്കറ്റില്‍ വിളക്കുകള്‍ കണ്ടതിനാല്‍ മാഹി പോലീസിനെ വിവരമറിയിക്കുകയാണുണ്ടായത്.

മാഹി പോലീസിന്റെ അന്വേഷണത്തില്‍ ക്ഷേത്രത്തിലെ വിളക്കാണെന്ന് സൂചന ലഭിച്ചതിനാല്‍ തലശ്ശേരി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ക്ഷേത്രത്തിലെ സി.സി.ടി.വി. പരിശോധിച്ചതിനാല്‍ പ്രതിയെ തിരിച്ചറിയുകയും ചെയ്തു.

കഴിഞ്ഞദിവസം ഗുരുപൂജക്ക് ഉപയോഗിച്ച വിളക്കുകളായിരുന്നു ഇത്.

പുലര്‍ച്ചെ ക്ഷേത്രം തുറക്കാനെത്തിയവരാണ് വിളക്കുകളും മറ്റും കാണാത്ത കാര്യം അറിയുന്നതും.

ബാക്കി കളവ് മുതലുകള്‍കണ്ടെത്താന്‍ പോലീസ് ഇന്ന് പരിശോധന നടത്തും.

അമ്പലപ്പുഴ, പുന്നപ്ര എന്നിവിടങ്ങളില്‍ നടന്ന സമാന കേസുകളിലെ പ്രതിയാണ് പ്രകാശന്‍.

കളവ് നടത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതി പിടിയിലായത്.