ആനറാഞ്ചന്‍ തസ്‌ക്കരവീരനായി 5 ഭാഷകളില്‍ ഞെട്ടിക്കുന്ന വിജയം നേടി. തസ്‌ക്കരവീരന്‍@66
പ്രമുഖ പ്രസാധകരായ എച്ച്.ആന്റ്.സിയാണ് കെ.പി.കുഞ്ഞിരാമപിഷാരോടി രചിച്ച ആനറാഞ്ചന്‍ എന്ന ഡിറ്റക്ടീവ് നോവല്‍ പ്രസിദ്ധീകരിച്ചത്.
ഈ നോവല്‍ വായിച്ച കാഥികന്‍ കെടാമംഗലം സദാനന്ദന്‍ നടന്‍ സത്യനോട് ഈ നോവല്‍ സിനിമയാക്കിയാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞ് പുസ്തകം നല്‍കി.
മദ്രാസില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തെലുങ്കിലെ പ്രശസ്ത സംവിധായനും നിര്‍മ്മാതാവുമായ ശ്രീരാമുലുനായിഡുവിനോട് സത്യന്‍ ആനറാഞ്ചന്റെ കഥ പറഞ്ഞു.
ഇത് തമിഴില്‍ സിനിമയാക്കാന്‍ നായിഡു താല്‍പര്യപ്പെട്ടു. നോവല്‍ ചലച്ചിത്രമാക്കാനായി പ്രമുഖ നിഖണ്ഡു രചയിതാവ് ടി.രാമലിംഗംപിള്ളയെക്കൊണ്ട് ഇത് തമിഴിലേക്ക് മൊഴിമാറ്റം ചെയ്തു.
എം.കരുണാനിധിയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. എം.ജി.ആറും ഭാനുമതിയും നായികാ നായകന്‍മാരായി മലൈക്കള്ളന്‍ എന്ന പേരില്‍ നിര്‍മ്മിക്കപ്പെട്ട സിനിമ 1954 ജൂലൈ-22 നാണ് റിലീസ് ചെയ്തത്.
ശ്രീരാമുലുനായിഡു അദ്ദേഹത്തിന്റെ സ്വന്തം ബാനറായ പക്ഷിരാജയുടെ പേരിലാണ് സിനിമ നിര്‍മ്മിച്ചത്.
ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും നിര്‍മ്മിക്കപ്പെട്ട സിനിമ 1957 നവംബര്‍-30 നാണ് മലയാളത്തില്‍ റിലീസായത്.
ശ്രീരാമുലുനായിഡു നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച സിനിമയില്‍ തസ്‌ക്കരവീരനായി 3 വേഷത്തില്‍ സത്യന്‍ അഭിനയിച്ചു.
തിക്കുറിശി, കൊട്ടാരക്കര, പി.എ.തോമസ്, എസ്.പി.പിള്ള, കുണ്ടറഭാസി, രാഗിണി. പത്മിനി, പ്രിയദര്‍ശിനി, കാഞ്ചന, ആറന്‍മുള പൊന്നമ്മ, സുകുമാരി, കെടാമംഗലം സദാനന്ദന്‍ എന്നിവരാണ് അഭിനേതാക്കള്‍.
പക്ഷിരാജ ഫിലിംസ് നിര്‍മ്മിച്ച സിനിമയുടെ ക്യാമറ-എ.ആര്‍.നായിഡു, എഡിറ്റര്‍-പി.വേലുച്ചാമി. കെടാമംഗലം സദാനന്ദനാണ് സംഭാഷണം എഴുതിയത്.
തസ്‌ക്കരവീരന്റെ കഥ-
66 വര്‍ഷം മുമ്പ് റിലീസ് ചെയ്ത ഈ സിനിമ ഇന്ന് യൂട്യൂബില്‍ കണ്ടാലും നമ്മെ ഞെട്ടിക്കും. പ്രത്യേകിച്ച് ക്ലൈമാക്‌സ് രംഗങ്ങള്‍.
മായാവി എന്ന കൊള്ളത്തലവന്‍ നാട്ടുകാരെ അമ്പരപ്പിക്കുന്ന ഒരു വ്യക്തി ആയിരുന്നു. വിക്രമനാണ് മായാവിയെന്ന് ചിലര്‍ വിശ്വസിച്ചു. ദൈവത്തിന്റെ അവതാരമാണ് മായാവിയെന്നായിരുന്നു ഹെഡ് കോണ്‍സ്റ്റബിള്‍ പപ്പുപിള്ളയുടെ അഭിപ്രായം. ആ കൊള്ളത്തലവനെ പിടിക്കാന്‍ ഇന്‍സ്‌പെക്ടര്‍ ശേഖരപിള്ള തന്റെ സര്‍വകഴിവുകളും പ്രയോഗിച്ചു.
വിഭാര്യനും പണക്കാരനുമായ പണിക്കരുടെ ഏകപുത്രിയായ ശോഭയെ പണിക്കരുടെ സഹോദരിയും വിധവയുമായ ശാന്തയായിരുന്നു വളര്‍ത്തിക്കൊണ്ടു വന്നിരുന്നത്. ശോഭയെ വിവാഹം കഴിക്കാന്‍ എന്തു സാഹസവും ചെയ്യാന്‍ മടിക്കാത്ത വിജയന്റെ വിക്രിയകള്‍ മനസ്സിലാക്കിയ പണിക്കര്‍, തന്റെ മകള്‍ക്ക് അനുരൂപനായ ഒരു വരനെ അന്വേഷിച്ചു തുടങ്ങി.
വിജയന്റെ കിങ്കരനായ വിക്രമനെക്കൊണ്ട് വിജയന്‍ ശോഭയെ അപഹരിപ്പിച്ചു. തന്റെ സുഹൃത്തുക്കളില്‍ നിന്ന് ഈ വിവരമറിഞ്ഞ മായാവി ശോഭയെ വിജയന്റെ കൈയ്യില്‍ നിന്ന് മോചിപ്പിച്ച് തന്റെ മലമുകളിലുള്ള ബംഗ്ലാവിലേക്ക് കൊണ്ടു പോയി. ശോഭയ്ക്ക് ആ സ്ഥലം വളരെ ഇഷ്ടപ്പെട്ടു. തസ്‌ക്കരവീരനെന്നു പേരു കേട്ട മായാവി വളരെ നല്ലവനാണെന്നും ആ കൊള്ളത്തലവന്‍ കവര്‍ന്നിട്ടുള്ളത് തന്റെ ഹൃദയം മാണെന്നും ശോഭയ്ക്ക് മനസ്സിലായി. മായാവിയും ശോഭയെ ആരാധിച്ചു തുടങ്ങി. വീട്ടില്‍ തിരിച്ചെത്തിയ പണിക്കര്‍ മകളെ കാണാതെ വിഷമിച്ചു. മായാവിയാണ് അവളെ അപഹരിച്ചതെന്ന് പരക്കെ വിശ്വസിച്ചു. പക്ഷേ ഒരു ദിവസം ഖാന്‍ സാഹേബ് അബ്ദുള്‍ റഹീമിന്റെ വണ്ടിയില്‍ ശോഭ വീട്ടില്‍ വന്നെത്തി. വിജയന്റെ മറ്റൊരു കിങ്കരനായ നന്ദന്‍ പണിക്കരെ സൂത്രത്തില്‍ തന്റെ വീട്ടില്‍ വരുത്തി അയാളെ ബന്ധനസ്ഥനാക്കി. എന്നിട്ട് അദ്ദേഹത്തിന്റെ പേരു വെച്ച് ഒരു കത്ത് വിജയന്റെ കാമുകിയായ ജാനകി വശം ശോഭയ്ക്ക് കൊടുത്തയച്ചു. അച്ഛനു പറ്റിയ ആപത്തറിഞ്ഞ് ഓടിയെത്തിയ ശോഭയെ അയാള്‍ ബലാത്സംഗത്തിനൊരുങ്ങി. പക്ഷേ തക്ക സമയത്തിനവിടെയെത്തിയ മായാവി ശോഭയെ വീണ്ടും രക്ഷിച്ചു. ഖാന്‍ സാഹേബിനിന്റെ സഹായത്തോടേ ഇന്‍സ്‌പെക്ടര്‍ തമ്പിയുടെ വീടു വളഞ്ഞു. പണിക്കരെ മോചിപ്പിച്ച് വിക്രമിനെയും വിജയനെയും തമ്പിയെയും തടങ്കലിലാക്കി. മായാവി കൊന്നു കളഞ്ഞു എന്നു വിചാരിച്ചിരുന്നവരെല്ലാം തിരിച്ചു വന്നു.അയാള്‍ കൊള്ള ചെയ്തു എന്നു പറയപ്പെട്ടിരുന്ന ധനമെല്ലാം റാവു സാഹബ് ഇന്‍സ്‌പെക്ടറെ തിരികെ ഏല്പിച്ചു.മായാവി മാന്യനായ ഒരു ചെറുപ്പക്കാരനായി തീര്‍ന്നു.
പണിക്കര്‍ നടത്തിയ ഒരു വിരുന്നു സല്‍ക്കാരത്തില്‍ പങ്കു കൊണ്ട ഖാന്‍ സാഹേബ് തന്റെ സ്‌നേഹിതനായ മായാവിക്ക് ശോഭയെ വിവാഹം കഴിച്ചു കൊടുക്കണം എന്ന് അഭ്യര്‍ത്ഥിച്ചു. പക്ഷേ അക്കാര്യം ശാന്തയ്ക്കിഷ്ടപ്പെട്ടില്ല. എന്നാല്‍ മായാവിയുടെ വീരപരാക്രമങ്ങളും മറ്റും ഖാന്‍ സാഹേബ് വിവരിച്ചപ്പോള്‍ എല്ലാവരും അത്ഭുതവും ആനന്ദവും കൊണ്ട് മതി മറന്നു. ഖാന്‍ സാഹേബും ശോഭയും കൂടിയിരുന്ന് സൈ്വര സല്ലാപം നടത്തുന്നതു കണ്ട ശാന്ത കുപിതയായി.
ഖാന്‍ സാഹേബ് പെട്ടെന്ന് അപ്രത്യക്ഷനായി. ഇതെല്ലാവരെയും ഞെട്ടിപ്പിച്ചു. ഖാന്‍ സാഹേബും മായാവിയും ഒരാള്‍ തന്നെയോ? ഈ സംശയം എല്ലാവരിലും ഉദിച്ചു. പക്ഷേ എല്ലാവരും ഞെട്ടലില്‍ നിന്നും വിമുക്തരാകുന്നതിനു മുന്‍പ് മറ്റൊരാള്‍ രംഗത്തു പ്രത്യക്ഷപ്പെട്ടു. കുമാര്‍.
നാട്ടിലെ അശരണര്‍ക്ക് അഭയവും റൗഡികള്‍ക്കും കൊള്ളക്കാര്‍ക്കും പേടിസ്വപ്നവുമായിരുന്ന മായാവിയായും നല്ലവനും സല്‍ഗുണസമ്പന്നനുമായ ഖാന്‍ സാഹേബായും പ്രത്യക്ഷപ്പെട്ടിരുന്നത് കുമാറായിരുന്നു.
താന്‍ ഏതൊരു സംരഭത്തിനു വേണ്ടിയാണോ ഈ വേഷങ്ങള്‍ എടുത്തത് അത് എല്ലാം ശുഭമായി പര്യവസാനിച്ചതു കൊണ്ട് മാത്രമാണ് കുമാര്‍ തന്റെ വിവരമെല്ലാം പുറത്താക്കിയത്.പണിക്കര്‍ സന്തുഷ്ടനായി.ശോഭയെ അദ്ദേഹം കുമാറിനു വിവാഹം ചെയ്തു കൊടുക്കുന്നതോടെ തസ്‌ക്കരവീരന്‍ അവസാനിക്കുന്നു.
ഒന്‍പത് ഗാനങ്ങളുള്ള സിനിമയുടെ ഗാനരചന അഭയദേവും സംഗീതം എസ്.എം.സുബ്ബയ്യനായിഡുവും ആയിരുന്നു.
ഗാനങ്ങള്‍
1-ആനന്ദക്കണിയെ- ശൂലമംഗലം രാജലക്ഷ്മി
2-ചപലം ചപലം- പി ലീല ,ശാന്ത പി നായര്‍
3-കഭീ ഖമോഷ് രഹ്‌തേ ഹൈ (റീപ്ലേയെഡ് ഫ്രം ആസാദ്)-രജേന്ദ്ര 4-കൃഷ്ണന്‍, ലത മങ്കേഷ്‌കര്‍
5-കള്ളനൊരുത്തന്‍ വന്നല്ലോ-പി ലീല ,ശാന്ത പി നായര്‍
6-മായാമോഹം മാറാതെ-ശൂലമംഗലം രാജലക്ഷ്മി
7-മലര്‍തോറും മന്ദഹാസം-പി.ബി.ശ്രീനിവാസ് ,ശൂലമംഗലം രാജലക്ഷ്മി
8-മര്‍ന ഭി മൊഹബ്ബത് മേം- രാജേന്ദര്‍ കിഷന്‍,രഘുനാഥ് ജാദവ്
9-പോകല്ലേ പോകല്ലേ-ജമുനാ റാണി
10-വന്നല്ലോ വസന്തകാലം-ശൂലമംഗലം രാജലക്ഷ്മി