പളുങ്ക്ബസാര്‍ കവര്‍ച്ച നടന്നിട്ട് 14 മാസം, അന്വേഷണം നിലച്ചു-

പരിയാരം: ചിതപ്പിലെപൊയില്‍ പളുങ്ക്ബസാര്‍ കവര്‍ച്ച നടന്നിട്ട് 14 മാസമായിട്ടും പ്രതികള്‍ കാണാമറയത്ത് തന്നെ, പരിയാരം പോലീസിന് കഞ്ചാവു വലിക്കാരെ പിടിക്കലും വാഹനപരിശോധനയും മാത്രം.

2023 സപ്തംബര്‍-23 നാണ് പരിയാരം ചിതപ്പിലെപൊയില്‍ പളുങ്ക് ബസാറിലെ പ്രവാസിയായ മുള്ളന്റകത്ത് അബ്ദുള്ളയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്.

രാത്രി എട്ടിന് വീട്ടുകാര്‍ തൊട്ടടുത്തുള്ള പള്ളിയിലേക്ക് വീടുപൂട്ടി നബിദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് വീടിന്റെ പിറകിലെ ജനല്‍ ഗ്രില്‍സ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് അകത്തുകടന്ന് 25 പവനും 18,000 രൂപയും കവര്‍ച്ച ചെയ്തത്.

പരിയാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടും 14 മാസമായിട്ടും പ്രതികളെക്കുറിച്ച് യാതൊരു വിവരവുമില്ല.

ഇതിന് ശേഷം ഒക്ടോബര്‍-20 ന് തൊട്ടുത്ത ഡോ.ഷക്കീര്‍അലിയുടെ വീട്ടില്‍ ബന്ധുവായ വയോധികയെ കെട്ടിയിട്ട് നടത്തിയ കവര്‍ച്ചയിലെ പ്രതികളെ നവംബര്‍-16 ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു.

എന്നാല്‍ പളുങ്ക്ബസാര്‍ കവര്‍ച്ചയിലെ കേസില്‍ പ്രത്യേക അന്വേഷണസംഘവും അന്വേഷണവും ഒന്നുമില്ല.

ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞതായി അബ്ദുള്ള പറയുന്നു.

എന്നാല്‍ ഈ കവര്‍ച്ചയില്‍ അന്വേഷണം പൂര്‍ണ്ണമായും നിലച്ച അവസ്ഥയാണ്.

2020 ന് ശേഷം വിഗ്രഹമോഷണം ഉള്‍പ്പെടെ പ്രമാദമായ 26 കവര്‍ച്ചക്കേസിലെ പ്രതികളെ പരിയാരം പോലീസ് ഇനിയും പിടികൂടാനുണ്ടെങ്കിലും കഞ്ചാവുബീഡിവലിക്കാര്‍ പൊതുസ്ഥലത്ത് മദ്യപിക്കുന്നവര്‍ എന്നിവരെ പിടികൂടാനും വാഹനപരിശോധന നടത്താനും മാത്രമേ പരിയാരം പോലീസ് തയ്യാറാകുന്നുന്നുള്ളൂവെന്ന പരാതി വ്യാപകമാണ്.