കോഴിക്കൂട് തപ്പി, പോലീസ് കൂട്ടിലായി-
പരിയാരം: കോഴിക്കൂട് തേടിയിറങ്ങി, പോലീസ് കൂട്ടില്‍ അകപ്പെട്ടു. ആസാം സ്വദേശിയായ രമര്യൂഷ് (22) നെയാണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസിലേല്‍പ്പിച്ചത്.

ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. വിളയാംകോട് കുളപ്പുറം മാന്തോട്ടം റോഡിലെ ജാസ്മിന്റെ വീട്ടില്‍ വെച്ചാണ് മോഷ്ടാവ് പിടിയിലായത്.
കൂടെയുണ്ടായിരുന്ന രണ്ടു പേര് ഓടി രക്ഷപ്പെട്ടു. ജാസ്മിനും കുടുംബാംഗങ്ങളും തൊട്ടടുത്തുള്ള വീട്ടില്‍ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിന് പോയതായിരുന്നു.
ഇവരുടെ വീട്ടിലെ ഉപയോഗശൂന്യമായ പഴയ കുളിമുറിയില്‍ കോഴികളെ കൂട്ടിലിട്ട് വളര്‍ത്തുന്നുണ്ടായിരുന്നു.
ഇതിനകത്ത് ഒളിച്ചിരിക്കുന്ന നിലയിലാണ് നാട്ടുകാര്‍ രമര്യൂഷിനെ കണ്ടെത്തിയത്. ചോദ്യം ചെയ്തപ്പോഴാണ് വിളയാങ്കോട്ടെ ഒരു ഫാക്ടറി ജീവനക്കാരനാണെന്ന് വ്യക്തമായത്.
ഞായറാഴ്ച്ചയായതിനാല്‍ കോഴിക്കറി വെക്കാന്‍ കോഴിയെ പിടിക്കാന്‍ ഇറങ്ങിയതാണെന്നാണ് മോഷ്ടാവ് പറയുന്നത്.
എന്നാല്‍ വീട്ടുകാര്‍ ഇല്ലെന്ന് മനസിലാക്കിയ മൂന്നംഗ സംഘം മോഷണത്തിനെത്തിയതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പരിയാരം പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. മോഷണശ്രമം നടത്തിയവരെ ജോലിയില്‍ നിന്ന് ഒഴിവാക്കിയതായി ഫാക്ടറി ഉടമ പോലീസിനെ അറിയിച്ചിട്ടുണ്ട്.
