പുലിഭീതി പ്രാപ്പൊയിലിലേക്ക് പടരുന്നു-പൂച്ചയെ ഏതോ ജീവി കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തി.
പ്രാപ്പൊയില്‍:പുലിഭീതി പ്രാപ്പൊയിലിലേക്ക് പടരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെ പ്രാപ്പൊയില്‍ കുളത്തുവയല്‍ റോഡില്‍ ഒരു പൂച്ചയെ ഏതോ ജീവി കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തി.
ഇതിന്റെ വയര്‍ ഭാഗം ഭക്ഷിച്ച നിലയിലാണ്. വിവരമറിഞ്ഞ് ചെറുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വെള്ളോറ-കക്കറ ഭാഗത്ത് ഉണ്ടെന്ന് കരുതുന്ന പുലി പ്രാപ്പൊയില്‍ ഭാഗത്ത് എത്തിയോ എന്ന സംശയത്തിലാണ് നാട്ടുകാര്‍.
നേരത്തെ കുപ്പം കണികുന്ന് ഭാഗത്ത് പ്രത്യക്ഷപ്പെട്ട പുലി പിന്നീട് നണിച്ചേരിയിലും കക്കറയിലും ഭീതി പരത്തിയിരുന്നു.
രാത്രികാലത്ത് പുറത്തിറങ്ങുന്ന പുലി കര്‍ണാടക വനം ഭാഗത്തേക്ക് നീങ്ങുകയാണെന്ന സംശയത്തിലാണ് വനംവകുപ്പ് അധികൃതര്‍.
വെള്ളോറയിലെ പുലിയെ പിടികൂടാന്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ ഇന്നുതന്നെ കൂട് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ് അധികൃതര്‍. വനം വകുപ്പിന്റെ ആര്‍.ആര്‍.ടി സംഘം ഇന്നലെയും പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
അതുകൊണ്ടുതന്നെ കൂട് ഏത് ഭാഗത്ത് സ്ഥാപിക്കണം എന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല. 24 മണിക്കൂറും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത് പ്രദേശവാസികളുടെ ആശങ്ക അകറ്റിയിട്ടുണ്ട്.
വിവിധ ഭാഗങ്ങളില്‍ വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളില്‍ ഒന്നിലും പുലി ഇതേവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതിനിടയിലാണ് പ്രാപ്പൊയിലില്‍ പൂച്ചയെ കൊന്ന് ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.