പിലാത്തറയില്‍ ഒക്ടോബര്‍ 10 മുതല്‍ ഗതാഗത പരിഷ്‌ക്കാരം നടപ്പിലാക്കും
പിലാത്തറ: പിലാത്തറ ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് എം.വിജിന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ഒക്ടോബര്‍ 10 മുതല്‍ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കും. പിലാത്തറ ടൗണിലും, മാതമംഗലം റോഡിലും, ദേശീയപാതയിലും അനിയന്ത്രിതമായ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് വലിയ അപകടങ്ങള്‍ക്കും, ഗതാഗതകുരുക്കിനും ഇടയാകുന്നുണ്ട്.
ഇത് ജനങ്ങള്‍ക്ക് ഏറെ പ്രയാസം ഉണ്ടാക്കുകയാണ്. ബസ്റ്റാന്റ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ബസുകള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട് ഉണ്ടാക്കുന്നുണ്ട്.
ദേശീയപാതയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ദേശീയപാതയിലുള്ള അനധികൃത പാര്‍ക്കിംഗും പ്രവൃത്തിയെ ബാധിക്കുന്നതോടൊപ്പം ഗതാഗതകുരുക്കും ഉണ്ടാക്കുന്നു.
‘ഇതിന്റെ അടിസ്ഥാനത്തില്‍ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരന്‍, പോലീസ്, ആര്‍ടിഒ ഉദ്യോഗസ്ഥര്‍ എം അനില്‍ കുമാര്‍ (ട്രേഡ് യൂണിയന്‍ പ്രതിനിധി),
കെ.സി.രഘുനാഥ് (വ്യാപാര പ്രതിനിധി) എം.വി.രാജീവന്‍(റോഡ് സുരക്ഷ കമ്മിറ്റി കണ്‍വീനര്‍) അടങ്ങുന്ന ആറംഗ മോണിറ്ററിംഗ് കമ്മിറ്റിക്ക് രൂപം നല്‍കി.
പിലാത്തറ ബസ്റ്റാന്റിലെ മുഴുവന്‍ അനധികൃത വാഹന പാര്‍ക്കിംഗ് നിരോധിക്കും.
അതോടൊപ്പം ദേശീയപാതയുടെ ഇരു വശവും, ദേശീയപാതയില്‍ നിന്നും സ്‌റ്റേറ്റ് ബാങ്കിന് സമീപം വരെയുള്ള ഇരുഭാഗത്തുമുള്ള അനധികൃത വാഹന പാര്‍ക്കിംഗും നിരോധിക്കും.
ഈ മേഖലയില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. പിലാത്തറ ടൗണില്‍ എത്തിചേരുന്നവര്‍ക്ക് വാഹന പാര്‍ക്കിംഗ് സൗകര്യം ഒരുക്കുന്നതിനായി പേ പാര്‍ക്കിംഗ് സംവിധാനം ഒരുക്കും.
ഇതിനായി സ്ഥലം കണ്ടെത്തുന്നതിന് മോണിറ്ററിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. നിലവിലുള്ള ഓട്ടോറിക്ഷ പാര്‍ക്കിംഗ് സംവിധാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തീരുമാനിച്ചു.
ജനങ്ങള്‍ ഇതുമായി സഹകരിക്കണമെന്ന് എം വിജിന്‍ എം എല്‍ എ അഭ്യര്‍ത്ഥിച്ചു. ചെറുതാഴം ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി വി ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് മോട്ടോര്‍ വൈക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഹാരിസ് ഇ പി,
എം പി റോഷന്‍, പരിയാരം എസ് ഐ ശശി എന്‍, കെ പ്രഭാകരന്‍ (എം ഡി മേഘ കണ്‍സ്ട്രക്ഷന്‍, ദേശിയപാത ), എം വി രാജീവന്‍, ടി വി ഭാസ്‌ക്കരന്‍ (പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍), കെ.സി രഘുനാഥന്‍ (വ്യാപാരി സമിതി),
മഹേന്ദ്രന്‍ (ഓട്ടോറിക്ഷ) പപ്പന്‍ രാമപുരം ( ബസ് ) പി പ്രഭാവതി, വരുണ്‍ കൃഷ്ണന്‍, മുഹമ്മദ് അസീസ്, കെ. സി. രഘുനാഥ് എന്നിവര്‍ സംസാരിച്ചു.