മാലപൊട്ടിച്ച മോഷ്ടാവ് പോലീസിന്റെ വലയിലായതായി സൂചന.
തളിപ്പറമ്പ്: തളിപ്പറമ്പിനെ ഞെട്ടിച്ച മാലപൊട്ടിക്കല്‍ സംഭവത്തില്‍ പ്രതി പോലീസിന്റെ വലയിലായതായി സൂചന.
മോഷ്ടാവിനെ കണ്ടെത്താന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പ്രതിയെ തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഏറ്റവുമടുത്ത നിമിഷത്തില്‍ തന്നെ പ്രതിയുടെ അറസ്റ്റ് ഉണ്ടാവുമെന്നാണ് വിവരം.
കഴിഞ്ഞ സപ്തംബര്‍ 24 ന് വൈകുന്നേരമാണ് ഒരു മണിക്കൂറിനകം 3 സ്ത്രീകളുടെ സ്വര്‍ണമാലകള്‍ സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് പിടിച്ചുപറിച്ചത്.
തളിപ്പമ്പ് ഡിവൈ.എസ്.പി എം.പി.വിനോദ്, ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.
24 ന് വൈകുന്നേരം നാലരമണിയോടെ വടക്കാഞ്ചേരിയില്‍ അടുക്കം എന്ന സ്ഥലത്ത് വെച്ച് എളമ്പിലാന്‍തട്ട വീട്ടില്‍ ശാന്ത(50)ന്റെ മൂന്നേകാല്‍ പവന്റെ മാല പൊട്ടിച്ചെടുത്ത മോഷ്ടാവ് വൈകുന്നേരം
05.00 മണിയോടെ പാലകുളങ്ങര ശാസ്താ റോഡില്‍ വെച്ച് പാലകുളങ്ങര കൃഷ്ണകമല്‍ ഹൗസില്‍ ഉമാ നാരായണന്‍(57) എന്നവരുടെ മുന്നു പവന്‍ മാലയും 05.20 മണിയോടെ കീഴാറ്റൂര്‍ വെച്ച് മൊട്ടമ്മല്‍ വീട്ടില്‍ ജയമാലിനി എന്നിവരുടെ രണ്ട് പവന്‍ മാലയും പൊട്ടിച്ചു.
ചുവപ്പും വെള്ളയും കലര്‍ന്ന നിറമുള്ള സ്‌കൂട്ടിയില്‍ വന്നയാളാണ് മാല പൊട്ടിച്ചതെന്ന് സ്ത്രീകള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
സി.സി.ടി.വി കാമറാ ദൃശ്യങ്ങളുടെ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അടുത്തകാലത്ത് ജയിലില്‍ നിന്ന് ഇറങ്ങിയ ഇയാള്‍ വീടുമായി ബന്ധമില്ലാതെ ജീവിക്കുകയാണെന്ന് പോലീസ് പറഞ്ഞു.