മഹത്തായ ഒരു ട്രെയിന്‍ രക്ഷാ ദൗത്യം-സുരേഷ് കക്കറയും ലഗേഷും താരങ്ങളായി

കണ്ണൂര്‍: ആ കൈകള്‍ വാരിയെടുത്ത് രക്ഷിച്ചത് തീവണ്ടി യാത്രക്കാരന്റെ ജീവന്‍. ഓടിക്കയറുമ്പോള്‍ വണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണുപോയ ആളെ ഒരുനിമിഷംകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുയര്‍ത്തുകയായിരുന്നു.

കണ്ണൂര്‍ റെയില്‍വേ സിവില്‍ പോലീസ് ഓഫീസര്‍ വി.വി.ലഗേഷും സീനിയര്‍ പോലീസ് ഓഫീസര്‍ സുരേഷ് കക്കറയുമാണ് രക്ഷകരായത്.

റെയില്‍വേ സിവില്‍ പോലീസ് ഓഫീസര്‍മാരായ വി.വി. ലഗേഷും സീനി യര്‍ സി.പി.ഒ. സുരേഷ് കക്കറയും ഡ്യൂട്ടിക്കിടയില്‍ നടത്തിയ ഈ രക്ഷാപ്രവര്‍ത്തനം വെള്ളിയാഴ്ചയാണ് റെയില്‍വേ പോലീസ് സി.സി.ടി.വിയില്‍നിന്ന് കണ്ടെത്തിയത്.

മറ്റൊരു സംഭവം തിരയുന്നതിനിടയിലാണ് ഈ വീഡിയോ കണ്ടതും വൈറലായതും.

മേയ് 26-ന് രാത്രി എട്ടിന് കണ്ണൂര്‍ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം. കൊച്ചുവേളി-പോര്‍ബന്ദര്‍ എക്സ്പ്രസ് സ്റ്റേഷനില്‍ നിര്‍ത്തി യാത്ര തുടരുന്നതിനിടയിലാണ് യാത്രക്കാരന്‍ ഓടിക്കയറാന്‍ ശ്രമിച്ചത്.

പിടിവിട്ടു വീഴവേ ലഗേഷ് ഓടിയെത്തി കൈയില്‍ തൂക്കിയെടുത്ത് മീറ്ററുകളോളം ദൂരത്തേക്ക് കൈവിടാതെ പിടിച്ചുകൊണ്ട് ഒരു ജീവന്‍ രക്ഷിക്കുകയായിരുന്നു.

 ഓടിയെത്തിയ സുരേഷ് കക്കറയാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്.

കെയില്‍ താങ്ങി ഓടുന്നതിനിടയില്‍ ട്രെയിനിന് അടിയിലേക്ക് കുടുങ്ങുകയോ അകപ്പെടുകയോ ചെയ്തിരുന്നെങ്കില്‍ രണ്ടു ജീവനുകള്‍ നഷ്ടപ്പെടുമായിരുന്നു.

കായംകുളത്തുനിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന യാത്രക്കാരനാണ് അപകടത്തില്‍പെട്ടത്.

കണ്ണൂര്‍ സ്റ്റേഷനില്‍ വണ്ടി എത്തിയപ്പോള്‍ വെള്ളം വാങ്ങാന്‍ പുറത്തിറങ്ങിയതായിരുന്നു.

വണ്ടിക്കുള്ളില്‍ കയറ്റിയ യാത്രക്കാരനെ വണ്ടിക്കുള്ളിലുണ്ടായ ഡോക്ടര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി.

ഞായറാഴ്ച വൈകീട്ട് 5.30-ന് ഇരിണാവ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ചേരുന്ന യോഗത്തില്‍ എം.വിജിന്‍ എം.എല്‍.എ. ലഗേഷിനെ ആദരിക്കും.