ഐ.വി.ശശിയുടെ വാടകയ്ക്ക് ഒരു ഹൃദയം@46.

ഐ.വി.ശശിയുടെ ആദ്യകാല സിനിമകളെല്ലാം സെക്‌സ് വിഷയങ്ങള്‍ കൈകാര്യം ചെയ്തവയായിരുന്നു. 1987 ജൂണ്‍ 15 ന് റിലീസ് ചെയ്ത സുപ്രിയയുടെ ബാനറില്‍ ഹരി പോത്തന്‍ നിര്‍മ്മിച്ച വാടകയ്ക്ക് ഒരു ഹൃദയം എന്ന സിനിമയും വ്യത്യസ്തമല്ല. പത്മരാജന്റെ പ്രശസ്തമായ നോവലിന്റെ അതേ പേരിലുള്ള സിനിമാ ആവിഷ്‌ക്കാരത്തിന് തിരക്കഥയും സംഭാഷണവും എഴുതിയത് പത്മരാജന്‍ തന്നെ. മധു.എം.ജി.സോമന്‍, രാഘവന്‍,ജയഭാരതി, അടൂര്‍ഭാസി, ബഹദൂര്‍, ശങ്കരാടി, റീന, സുകുമാരി, ജനാര്‍ദ്ദനന്‍, അടൂര്‍ഭവാനി, കനകദുര്‍ഗ്ഗ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. നവശക്തി-അജന്ത റിലീസ് ചെയ്ത സിനിമയുടെ ക്യാമറ-രാമചന്ദ്രബാബു, ചിത്രസംയോജനം-കെ.നാരായണന്‍, കല-എസ്.കൊന്നനാട്ട്, പരസ്യം-എസ്.എ.നായര്‍.

കഥാസംഗ്രഹം:

കര്‍ഷകനും സത്യസന്ധനുമായ പരമുപിള്ളയുടെ(ശങ്കരാടി) മകളാണ് അശ്വതി(ജയഭാരതി). കേശവന്‍കുട്ടി ഒരു തൊഴില്‍ രഹിതനായ രാഷ്ട്രീയപ്രവര്‍ത്തകനാണ്്. കേശവന്‍കുട്ടിയും(എം.ജി.സോമന്‍) അശ്വതിയും വളര്‍ന്നുവന്നത് ഒരേ സ്ഥലത്തായതിനാല്‍ ക്രമേണ അവര്‍ പ്രേമബദ്ധരാവുകയും ചെയ്തു. എങ്കിലും പരമുപിള്ള അവരുടെ വിവാഹത്തിനു് എതിരായിരുന്നു. അതിനാല്‍ സമ്പന്നനും ഒരു വലിയ കൃഷിക്കാരനുമായ പരമേശ്വരന്‍ പിള്ളക്ക്(രാഘവന്‍) അശ്വതിയെ വിവാഹം ചെയ്തുകൊടുത്തു.

ദിവസങ്ങള്‍ നീങ്ങിയപ്പോള്‍ തന്റെ ഭര്‍ത്താവ് ഒരു ഷണ്ഡന്‍ ആണെന്ന് അശ്വതിക്ക് മനസ്സിലായി. യുവതിയായ അശ്വതിയുടെ വികാരങ്ങള്‍ തീച്ചൂളയില്‍ നീറി. ഒരു ദിവസം കേശവന്‍കുട്ടി അശ്വതിയെ കാണാന്‍ ചെന്നു. അപ്പോള്‍ അവള്‍ തന്റെ തകര്‍ന്ന ജീവിതത്തിന്റെ ശോക കഥ അയാളെ പറഞ്ഞു കേള്‍പ്പിച്ചു. അന്നു മുതല്‍ അവര്‍ അന്യോന്യം കൂടുതല്‍ അടുത്തു. കേശവന്‍കുട്ടിയില്‍ നിന്ന് അവള്‍ പുരുഷസാമിപ്യസുഖം നേടാന്‍ തുടങ്ങി. ഒരു നാള്‍ ഭര്‍ത്താവായ പരമേശ്വരന്‍ പിള്ള വരുമ്പോള്‍ അശ്വതിയും കേശവന്‍കുട്ടിയും ലൈഗീകവേഴ്ചയില്‍ മുഴുകിയിരിക്കുകയായിരുന്നു. അതിനു സാക്ഷ്യം വഹിച്ച പരമേശ്വരന്‍ പിള്ള ഒരക്ഷരവും ഉരിയാടിയില്ല. മൗനം ഭജിച്ചതേയുള്ളു. അവള്‍ക്ക് കുറ്റബോധമുണ്ടായി. ഒരു നാള്‍ അവള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചു് കേശവന്‍കുട്ടിയുടെ കൂടെ പൊറുക്കാന്‍ പോയി. കേശവന്‍കുട്ടിയുടെ അമ്മ അവളെ മരുമകളായി സ്വീകരിക്കുകയും ചെയ്തു. ഭാര്യ ഉപേക്ഷിച്ചുപോയശേഷം പരമേശ്വരന്‍ പിള്ള ഒരു കുടിയനായി മാറി.

ഒരു ബിസിനസ്സുകാരനായ സദാശിവന്‍പിള്ള(മധു)മുമ്പ് അശ്വതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു നടന്നതാണ്. അശ്വതിക്ക് അയാളെ ഇഷ്ടമില്ലാതിരുന്നതിനാല്‍ ആ വിവാഹം നടക്കാതിരുന്നതാണ്. എങ്കിലും അയാള്‍ക്കിപ്പോഴും അശ്വതിയില്‍ ഭ്രമമുണ്ട്.
അശ്വതി ഗര്‍ഭിണിയായി. അച്ഛനും അമ്മയും പ്രസവാവാശ്യത്തിന് അവളെ വീട്ടില്‍ കൂട്ടിക്കൊണ്ടുവന്നു. പ്രസവശേഷം അവര്‍ അവളെ കേശവന്‍കുട്ടിയുടെ വീട്ടിലേക്കു് പറഞ്ഞയച്ചില്ല. അവള്‍ നിസ്സഹായായിരുന്നു. ഇക്കാര്യത്തില്‍ കേശവന്‍കുട്ടി കുപിതനായി. അയാള്‍ ഒരു നാടകനടി മാലിനിയെ(കനകദുര്‍ഗ്ഗ) വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിച്ചു. അവര്‍ ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിച്ചു. അശ്വതി വളരെ ദുഃഖിതയായി.

നാളുകള്‍ നീങ്ങി. അശ്വതിയുടെ കുഞ്ഞിന് രണ്ട് വയസ്സായി. അശ്വതിയുടെ പഴയ വിവാഹാര്‍ത്ഥിയായ സദാശിവന്‍ പിള്ള വീണ്ടും വിവാഹാലോചനയുമായി സമീപിച്ചു. അയാളെ സ്‌നേഹിക്കാന്‍ കഴിയില്ലെങ്കിലും അവള്‍ വിവാഹത്തിനു സമ്മതം മൂളി. അയാള്‍ അശ്വതിക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായിരുന്നു. പക്ഷെ അവള്‍ക്ക് കേശവന്‍കുട്ടിയെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചും ചിന്തിക്കാന്‍ കഴിവില്ലായിരുന്നു. അതവള്‍ സദാശിവന്‍ പിള്ളയോട് തുറന്നു പറയുകയും ചെയ്തു. സദാശിവന്‍ പിള്ള ദുഃഖിതനാവുകയും അയാള്‍ക്ക് അശ്വതിയുടെ പേരില്‍ അനുകമ്പ തോന്നുകയും ചെയ്തു. അയാള്‍ സ്വയം ശപിച്ചു. താന്‍ വിവാഹം കഴിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷെ അവള്‍ക്ക് കേശവന്‍കുട്ടിയുമായി സന്തുഷ്ടജീവിതം നയിക്കാന്‍ കഴിഞ്ഞേനേ എന്നയാള്‍ക്കു തോന്നി. ആ ചിന്ത അയാളെ വല്ലാതെ അലട്ടി. പശ്ചാത്താപഭരിതനായ അയാള്‍ ആത്മഹത്യ ചെയ്തു. ഒറ്റപ്പെട്ടുപോയ അശ്വതിയെ പരമേശ്വരന്‍ പിള്ള സ്വീകരിക്കുന്നു.

ദേവരാജനും കാവാലം നാരായണപ്പണിക്കരും ചേര്‍ന്നൊരുക്കിയ മനോഹരമായ നാല് ഗാനങ്ങള്‍ ഈ സിനിമയിലുണ്ട്.

1-പൂവാംകുഴലി പെണ്ണിനുണ്ടൊരു-യേശുദാസ്.
2-തെയ്യാത്തിനുന്തിനുന്തോ-ജയചന്ദ്രന്‍, മാധുരി.
3-പൈങ്കുരാലിപ്പശുവിന്‍-മാധുരി.
4-ഒഴിഞ്ഞ വീടിന്‍-യേശുദാസ്.