നിധി തട്ടിപ്പ്-14 ലക്ഷം നഷ്ടമായി-തല്ലും ചവിട്ടും ബാക്കി- തട്ടിപ്പില്‍ കുടുങ്ങിയത് നിരവധിപേര്‍.
കരിമ്പം.കെ.പി.രാജീവന്‍
തളിപ്പറമ്പ്: നിധി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പട്ടുവം സ്വദേശികളായ 3 യുവാക്കള്‍ക്ക് ഷിമോഗയില്‍ അടിയും ചവിട്ടും.
ഇവരുടെ 14 ലക്ഷം രൂപ നിധി തട്ടിപ്പ് സംഘം തട്ടിയെടുത്തതായും പരാതി. അഞ്ച് മാസം മുമ്പ് പട്ടുവത്തെ ഒരു യുവാവിന് കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നും വന്ന ഒരു ഫോണ്‍കോളില്‍ നിന്നായിരുന്നു തുടക്കം.
വളരെ വര്‍ഷത്തെ പരിചയമുള്ള രീതിയില്‍ വിളിച്ച നിധി തട്ടിപ്പുകാര്‍ നിങ്ങള്‍ ഇന്ന ആളല്ലേ എന്ന് ചോദിച്ചായിരുന്നു സംസാരം ആരംഭിച്ചത്.
തനിക്ക് 50 ലക്ഷം രൂപ വിലമതിക്കുന്ന നിധി ലഭിച്ചിട്ടുണ്ടെന്നും സ്വര്‍ണനാണയങ്ങളാക്കി മാറ്റിയ ഈ നിധി കര്‍ണാടകയില്‍ വില്‍ക്കാന്‍ കഴിയാത്തതിനാല്‍ നിങ്ങള്‍ക്ക് 20 ലക്ഷം രൂപക്ക് തരാമെന്നായിരുന്നു വാഗ്ദാനം.
നിധിയില്‍ മയങ്ങിയ യുവാവ് വിവരം അടുത്ത രണ്ട് സുഹൃത്തുക്കളുമായി പങ്കുവെച്ചു. നിധിയുടമ പറഞ്ഞത് പ്രകാരം മൂന്നുപേരും ഷിമോഗയിലേക്ക് വെച്ചടിച്ചു.
നിധി കാണിച്ചുകൊടുത്ത സംഘം നാട്ടില്‍പോയി സ്വര്‍ണം പരിശോധിക്കാനായി ഒരു നാണയം സൗജന്യമായി നല്‍കുകയും ചെയ്തു. സ്വര്‍ണം നാട്ടിലെത്തിച്ച് പരിശോധിച്ചപ്പോള്‍ നല്ല തനി തങ്കമാണെന്ന് വ്യക്തമാവുകയും ചെയ്തു.
നിധിയുടമ പറഞ്ഞതുപ്രകാരം ലോണെടുത്തും കടംവാങ്ങിയും സ്വരൂപിച്ച 14 ലക്ഷം രൂപയുമായി ഷിമോഗക്ക് പോയ മുന്ന് യുവാക്കളെയും ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിലെത്തിച്ച് ഗുണ്ടാസംഘം ക്രൂരമായി മര്‍ദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു.
ജീവനുംകൊണ്ട് നാട്ടിലെത്തിയ ഇവര്‍ മാനഹാനികാരണം ആരോടും വിവരം പറഞ്ഞില്ല.
നിധി തട്ടിപ്പ് സംഘത്തെ പിന്നീട് ബന്ധപ്പെട്ടപ്പോള്‍ നമ്പര്‍ നിലവിലില്ലെന്ന മറുപടിയാണ് ലഭിച്ചത്.
കഴിഞ്ഞ ദിവസം പട്ടുവത്തെ ഒരു ഗ്രാമപഞ്ചായത്തംഗത്തിന് ഇതേപൊലെ ഷിമോഗയില്‍ നിന്ന് നിധിയുണ്ടെന്ന് പറഞ്ഞ് ഫോണ്‍കോള്‍ വന്നതോടെയാണ് വിവരം പുറത്തായത്.
തളിപ്പറമ്പിലും കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലുമുള്ള നിരവധിപേര്‍ക്കാണ് ഷിമോഗ നിധി തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങി പണം നഷ്ടമാവുകയും മര്‍ദ്ദനമേല്‍ക്കുകയും ചെയ്തതെന്ന് വിവരം ലഭിച്ചിട്ടുള്ളത്.
പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ആരും ഇതേവരെ പരാതിയുമായി സമീപിക്കാത്തതിനാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ഒരാളെ പറ്റിച്ച് പണം തട്ടിയെടുത്തുകഴിഞ്ഞാല്‍ വ്യാജപേരില്‍ എടുത്ത മൊബൈല്‍ സിംകാര്‍ഡ് സംഘം നശിപ്പിക്കുകയാണേ്രത പതിവ്.
.
ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചാണ് ഫോണ്‍ വിളിക്കുന്നതെന്നതിനാല്‍ വിശ്വാസമാര്‍ജിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്.