തൃച്ചംബരം ക്ഷേത്രമുറ്റത്തേക്ക് ലോറി കയറി ബലിക്കല്ലുകള്‍ തകര്‍ന്നു

തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രമുറ്റത്തേക്ക് ലോറി കയറി ബലിക്കല്ലുകള്‍ തകര്‍ന്നു.

ക്ഷേത്ര തിരുമുറ്റം കരിങ്കല്ലുകള്‍ പാകി നവീകരിക്കുന്ന പ്രവൃത്തി നടന്നുവരികയാണ്.

ഇതിന്റെ ഭാഗമായി കരിങ്കല്ലുമായി ഇന്ന് പുലര്‍ച്ചെ മൂന്നോടെ ബംഗളൂരുവില്‍ നിന്നെത്തിയ ലോറി കയറിയിങ്ങിയാണ് ബലിക്കല്ലുകള്‍താഴ്ന്നുപോകുകയും പൊട്ടുകയും ചെയ്തത്.

ക്ഷേത്രമുറ്റത്തേക്ക് ഇത്തരത്തില്‍ ഭാരവണ്ടികള്‍ കൊണ്ടുവരുമ്പോള്‍ ഉത്തരവാദപ്പെട്ടവരാരും തന്നെ ക്ഷേത്രത്തിലുണ്ടാകാതിരുന്നതാണ് ഇതിന് കാരണമെന്ന് ഭക്തജനങ്ങള്‍ ആരോപിച്ചു.

വാഹനങ്ങള്‍ ക്ഷേത്രമുറ്റത്തേക്ക് കൊണ്ടുവരുന്നത് തന്നെ തെറ്റാണെന്നിരിക്കെ ഗുരുതരമായ പാളിച്ചയാണ് നടന്നതെന്നാണ് ആരോപണം.

ക്ഷേത്രത്തെ തകര്‍ക്കുന്ന തരത്തില്‍ കമ്യൂണിസ്റ്റ് നവവിശ്വാസികളുടെ ഇടപെടലാണ് ആചാരങ്ങളും ക്ഷേത്രമഹിമയും നശിപ്പിക്കുന്ന വിധത്തിലുള്ള നടപടികള്‍ക്ക് കാരണമെന്ന് തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതി പ്രസിഡന്റ് എ.പി.ഗംഗാധരന്‍ ആരോപിച്ചു.

നവീകരണം എന്ന പേരില്‍ ഇപ്പോള്‍ നടന്നുവരുന്നത് നാശമാണെന്നും അദ്ദേഹം ആരോപിച്ചു.

ക്ഷേത്രത്തില്‍ കക്കൂസ് നോക്കാന്‍പോലും സുരക്ഷാജീവനക്കാരുണ്ടെന്ന് അവകാശപ്പെടുമ്പോഴാണ് പവിത്രമായ ബലിക്കല്ലുകള്‍ ഉള്‍പ്പെടെ തകര്‍ക്കപ്പെടുന്ന സ്ഥിതി വന്നതെന്നും അദ്ദേഹം ആരോപിച്ചു.