തീരുമാനം നിയമവിരുദ്ധവും ജനാധിപത്യ മര്യാദകളുടെ ലംഘനവും: ടി.ടി.കെ ദേവസ്വം പാരമ്പര്യ ട്രസ്റ്റിമാര്‍.

തളിപ്പറമ്പ്: മൂന്ന് പാരമ്പര്യ ട്രസ്റ്റിമാരെ പങ്കെടുപ്പിക്കാതെ ടി.ടി.കെ ദേവസ്വം ട്രസ്റ്റിമാരുടെ യോഗം വിളിച്ചുചേര്‍ത്തതില്‍ പ്രതിഷേധം.

ടി.ടി.കെ ദേവസ്വം മാനേജിങ്ങ് കമ്മറ്റിയുടെ നിയമപ്രകാരമുള്ള യോഗം ഫിബ്രവരി 26 ന് നടക്കാനിരിക്കെ ദേവസ്വം ഭരണസമിതിയിലെ 3 സര്‍ക്കാര്‍ നോമിനികളും ഒരു പാരമ്പര്യ ട്രസ്റ്റിയും എക്‌സിക്യുട്ടീവ് ഓഫീസറുടെ അസാന്നിധ്യത്തില്‍ മിനുട്ട്‌സ് ബുക്ക് പോലും ഇല്ലാതെ യോഗം ചേര്‍ന്നാണ് പുതിയ പ്രസിഡന്റായി കെ ഇ രാമന്‍ നമ്പൂതിരിയെ തെരെഞ്ഞെടുത്തതെന്ന് ട്രസ്റ്റിമാര്‍ പറയുന്നു.

ഈ നടപടി നിയമവിരുദ്ധവും ജനാധിപത്യ മര്യാദകളുടെ ലംഘനവുമാണ്.

നിലവിലുള്ള പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരിയെ അയോഗ്യനാക്കിയ ദേവസ്വം ബോര്‍ഡ് ഡപ്യൂട്ടി കമ്മീഷണറുടെ നടപടിക്കെതിരെ നാരായണന്‍ നമ്പൂതിരി സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി അന്തിമ വിധി തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല.

മാത്രമല്ല നയപരമായതും നിയമനപരമായതുമായ യാതൊരു കാര്യങ്ങളും തീരുമാനിക്കരുതെന്നും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.

ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളുടെയും ഉല്‍സവ നടത്തിപ്പുകാര്യങ്ങളുടെയും നിര്‍വ്വഹണം മാത്രം ചെയ്യുന്നതിനാണ് മാനേജിങ്ങ് കമ്മറ്റിക്ക് നിലവില്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുള്ളത്.

എന്നിരിക്കെ മറ്റ് 3 പാരമ്പര്യട്രസ്റ്റിമാരെ പങ്കെടുപ്പിക്കാതെ പുതുതായി പ്രസിഡന്റിനെ തെരെഞ്ഞെടുത്തതായി പറയപ്പെടുന്ന തീരുമാനം നിയമ വിരുദ്ധമാണെന്നും പാരമ്പര്യ ട്രസ്റ്റിമാര്‍ അറിയിച്ചു.