ഉമ്മറിന്റെ സത്യാഗ്രഹസമരം തീര്‍ന്നു-
തളിപ്പറമ്പ്: വളക്കൈയിലെ ഉമ്മറിന്റെ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ ധാരണ.
ഇന്ന് ഉച്ചയോടെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്.
കഴിഞ്ഞ 52 ദിവസമായി തുടര്‍ന്നുവരുന്ന സത്യാഗ്രഹമാണ് അവസാനിപ്പിച്ചത്.
ഗ്രൗണ്ട്ഫ്‌ളോറിന് സ്‌ക്വയര്‍ഫീറ്റിന് 1550 രൂപക്കും ഒന്നാംമനിലക്ക് 750 രൂപക്കുമായിരുന്നു കരാര്‍ ഉണ്ടായിരുന്നത്.
ഇത് പ്രകാരം ബ്ലോക്ക് പഞ്ചായത്ത് നിയോഗിക്കുന്ന സര്‍ക്കാര്‍ എഞ്ചിനീയര്‍ കെട്ടിടത്തിന്റെ അളവ് നടത്തും.
ഉമ്മറിനും ജുമാഅത്ത് പള്ളിക്കമ്മറ്റിക്കും ഇത് പരിസോധിക്കാന്‍ സ്വകാര്യ എഞ്ചിനീയര്‍മാരെ നിയോഗിക്കാം.
അളവ് പ്രകാരം ഉമ്മറിന് പണം ലഭിക്കാനുണ്ടെങ്കില്‍ ജുമാഅത്ത് കമ്മറ്റി അത് നല്‍കാനും നേരെ മറിച്ച് ഉമ്മര്‍ കൈപ്പറ്റിയ പണം അധികമാണെങ്കില്‍ അത് ജുമാഅത്ത് കമ്മറ്റിക്ക് തിരിച്ചുകൊടുക്കുകയും വേണം.
കെട്ടിട നിര്‍മാണം നടത്തിയതിന് ലഭിക്കേണ്ട തുക ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 52 ദിവസമായി വളക്കൈ മേനോന്‍മൊട്ടയിലെ ഉമ്മര്‍ മൈലാഞ്ചി നടത്തി വരുന്ന സത്യാഗ്രഹ സമരം അവസാനിപ്പിക്കാനുള്ള മൂന്നാംഘട്ട ചര്‍ച്ചയാണ് വിജയം കണ്ടത്.
നേരത്തെ നടന്ന രണ്ട് ചര്‍ച്ചകളിലും പരിഹാരം കാണാനായിരുന്നില്ല. മെയ് 31 ന് മുമ്പായി ഇത് സംബന്ധിച്ച എല്ലാ കാര്യങ്ങളും ശാശ്വതമായി പരിഹരിക്കണമെന്ന് ഇരുവിഭാഗവും എഗ്രിമെന്റില്‍ ഒപ്പുവെച്ചു.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 19 നും മെയ് 3 നും ചര്‍ച്ചകള്‍ നടന്നിരുന്നു. ഇന്ന് നടന്ന ചര്‍ച്ചയില്‍ ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനന്‍, ബ്ലോക്ക് പഞ്ചായത്തംഗം കൊയ്യം ജനാര്‍ദ്ദനന്‍, ഗ്രാമപഞ്ചായത്തംഗം മൂസാന്‍കുട്ടി തേര്‍ളായി, കോണ്‍ട്രാക്ടര്‍ ഉമ്മര്‍ മൈലാഞ്ചി, ജുമാ അത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ഹാജി, സെക്രട്ടെറി പി.പി.ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.
വളക്കൈ മാപ്പിള എ.എല്‍.പി സ്‌ക്കൂളിന്റെ കെട്ടിടം നിര്‍മ്മിച്ച വകയില്‍ ലഭിക്കാനുള്ള പണം നല്‍കിയില്ലെന്നും വീട് ജപ്തി ചെയ്യുമെന്ന ഭീഷണി നിലനില്‍ക്കുകയാണെന്നും ആരോപിച്ചായിരുന്നു സമരം.
40 ലക്ഷം രൂപ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതിന് ലഭിക്കാനുണ്ടെന്നും ഇതിന് 10 ലക്ഷം രൂപ കമ്മീഷന്‍ വേണമെന്ന് സ്‌ക്കൂള്‍ മാനേജര്‍ ആവശ്യപ്പെട്ടുവെന്നും ഇത് നല്‍കാന്‍ വിസമ്മതിച്ചതിനാല്‍ പണം നല്‍കുന്നില്ലെന്നുമാണ് ഉമ്മര്‍ മൈലാഞ്ചിയുംടെ പരാതി.
ഉമ്മറിനോടൊപ്പം വയോധികരായ മാതാപിതാക്കളും മകനും സഹോദരനുമാണ് സത്യാഗ്രഹം നടത്തിയിരുന്നത്.