ജനറല്‍ ആശുപത്രിയാവും-45 കോടിയുടെ മികച്ച ആശുപത്രിയാക്കി ഉയര്‍ത്തും- ആവേശം വാനോളമുയര്‍ത്തി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ.
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയെ സമീപഭാവിയില്‍ തന്നെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്താനുള്ള നടപടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ.
സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം മിഷന് കീഴില്‍ താലൂക്ക് ആശുപത്രികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നവീകരിച്ച തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ഔട്ട്‌പേഷ്യന്റ് വിഭാഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘാടകസമിതി ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് താലൂക്ക് ആശുപത്രിയെ 45 കോടി രൂപ ചെലവഴിച്ച് ഏറ്റവും മികച്ച രീതിയില്‍ നവീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായപും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കൊല്ലത്തെ ആശുപത്രിയില്‍ മാത്രം നിലവിലുള്ള പള്‍മനറി റിഹാബിലിറ്റേഷന്‍ യൂണിറ്റ് തളിപ്പറമ്പില്‍ പ്രവര്‍ത്തനമാരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
വിശാലമായ കാത്തിരിപ്പ് മുറികള്‍, ജനറല്‍ ഒ.പി, എന്‍.സി.ഡി ക്ലിനിക്ക്, വിവിധ സ്‌പെഷ്യാലിറ്റി ഒ.പികള്‍, ഫാര്‍മസി, ലബോറട്ടറി, ബ്ലഡ് സ്‌റ്റോറേജ് യൂണിറ്റ്, ഇ.സി.ജി, ആംബുലന്‍സ് ഷെഡ് എന്നിവയാണ് ഇതിന്റെ ഭാഗമായി ഒരുക്കിയത്.
താഴെ നിലയില്‍ ജനറല്‍ ഒ.പി, എന്‍.ഡി.ഡി ക്ലിനിക്ക്, ജനറല്‍ മെഡിസിന്‍, സെക്യാട്രി ഒ.പികളും ഫാര്‍മസി, ഇ.സി.ജി, ഐ.സി.ടി.സി., ബ്ലഡ് സ്‌റ്റോറേജ് യൂണിറ്റ്, ഓഡിയോളജി യൂണിറ്റ് എന്നിവയും പ്രവര്‍ത്തിക്കും. ഒന്നാം നിലയില്‍ ഗൈനക്കോളജി, പീഡിയാട്രിക്‌സ്, സര്‍ജറി, നെഞ്ച്രോഗവിഭാഗം, ഇ.എന്‍.ടി, ദന്തല്‍ ഒ.പി, ലബോറട്ടറി, വാക്‌സിനേഷന്‍, പി.പി യൂണിറ്റ്, എന്നിവയും പ്രവര്‍ത്തിക്കും.
ഇരു നിലകളിലും പ്രത്യേകം ഒ.പി കൗണ്ടറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍, കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ,
പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.പി.മുഹമ്മദ്‌നിസാര്‍, കെ.നബീസാബീവി, എം.കെ.ഷബിത എന്നിവര്‍ പ്രസംഗിച്ചു.
ഡോ.കെ.എം.പ്രീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആശുപത്രി മാനേജിംഗ് കമ്മറ്റി അംഗങ്ങളായ എ.അബ്ദുള്ളഹാജി, അഡ്വ.സക്കരിയ്യ കായക്കൂല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.