മൂന്ന് ലക്ഷം പിഴ ഒഴിവാക്കാന്‍ 25,000 ചോദിച്ചു-10,000 കൊടുത്തു-വീണ്ടും ഭീഷണി-ഒടുവില്‍ അകത്തായി.
തളിപ്പറമ്പ്: കൈക്കൂലി വാങ്ങിയ താലൂക്ക് സപ്ലൈ ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.
തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ കാടാച്ചിറ സ്വദേശി പി.കെ.അനില്‍(55)നെയാണ് ഇന്ന് വൈകുന്നേരം 4.30 ന് കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
സംഭവത്തെക്കുറിച്ച് വിജിലന്‍സ് പറയുന്നത് ഇങ്ങനെ-ബി.പി.എല്‍ കാര്ഡുകാരനായ ഇരിക്കൂര്‍ പെരുവളത്തുപറമ്പ് സ്വദേശിയെ താലൂക്ക് സപ്ലൈ ഓഫീസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ സ്വന്തമായി കാര്‍ ഉള്ളതിനാല്‍ പിടികൂടിയിരുന്നു. ഇത് പ്രകാരം ഗവണ്മെന്റിലേക്ക് ഇയാള്‍ 3 ലക്ഷം രൂപ പിഴയായി അടക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. സപ്ലൈ ഓഫീസറെ കണ്ട് സാമ്പത്തിക ബുദ്ധിമുട്ട് അറിയിച്ചപ്പോള്‍ തനിക്ക് 25,000 രൂപ തന്നാല്‍ പിഴ ഒഴിവാക്കാമെന്ന് ഉറപ്പുനല്‍കി. ഇത് പ്രകാരം ഡിസംബര്‍ 20 ന് 10,000 രൂപ നല്കി. കഴിഞ്ഞ ദിവസം ബി.പി.എല്‍ കാര്‍ഡ് എ.പി.എല്‍ കാര്‍ഡായി മാറ്റി ലഭികുകയും ചെയ്തു. നിലവിലുള്ള പിഴ ഒഴിവാക്കാന്‍ വീണ്ടും പണം വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ഇയാള്‍ വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. വിജിലന്‍സ് നല്കിയ 500 രൂപയുടെ 10 നോട്ടുകള്‍ ഇന്ന് വൈകുന്നേരം ഓഫീസിലെത്തി നല്കിയ ഉടനെ വിജിലന്‍സ് സംഘം സപ്ലൈ ഓഫീസറെ പിടികൂടുകയായിരുന്നു. ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന് പുറമെ ഇന്‍സ്പെക്ടര്‍ സുനില്‍, ശ്രീജിത്ത് കോച്ചേരി, സബ് ഇന്‍സ്പെക്ടര്‍മാരായ ഗിരീഷ്, നിജേഷ്, പ്രവീണ്‍, സീനിയര്‍ സി.പി.ഒമാരായ സുരേഷ്കുമാര്‍, ഹൈറേഷ്, വിജില്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. 2024 ഏപ്രിലില്‍ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് പി.കെ.അനില്‍ കൈക്കൂലിക്കേസില്‍ അറസ്റ്റിലായത്.