മാലിന്യം നിക്ഷേപിക്കാന്‍ വൈദ്യശാലപ്പറമ്പ്- ചോദിക്കാനാളില്ല-കടന്നുവരു കടന്നുവരൂ

തളിപ്പറമ്പ്: വൈദ്യശാല പറമ്പില്‍ മാലിന്യനിക്ഷേപം, ഹരിതകര്‍മ്മക്കാരും ജില്ലാ സ്‌ക്വാഡ് അംഗങ്ങളും കണ്ടില്ലെന്ന് നടിക്കുന്നു.

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് മുന്നിലെ കാടുമൂടിക്കിടക്കുന്ന വൈദ്യശാല പറമ്പിലാണ് വലിയതോതില്‍ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങല്‍ നിക്ഷേപിക്കപ്പെടുന്നത്.

ഏക്കര്‍കണക്കിന് പരന്നുകിടക്കുന്ന പറമ്പ് മുഴുവന്‍ കാടുമൂടിയ നിലയിലാണ്.

ഇതാണ് മാലിന്യനിക്ഷേപകര്‍ക്ക് ഗുണകരമായി മാറിയത്.

സ്വകാര്യ വ്യക്തികളുടെ പറമ്പുകള്‍ പോലും കാടുമൂടിക്കിടക്കുന്നതിനെതിരെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നടപടപടികള്‍ സ്വീകരിക്കാമെന്നിരിക്കെയാണ് വൈദ്യശാലപ്പറമ്പ് വര്‍ഷങ്ങളായി കാടുകയറിക്കിടക്കുന്നത്.

സംസ്ഥാനപാതക്ക് സമീപമായതിനാല്‍ ആര്‍ക്കും വാഹനങ്ങളില്‍ എത്തിയും കാല്‍നടയായി വന്നും ചാക്കുകളിലോ സഞ്ചികളിലോ മാലിന്യം വലിച്ചെറിയാന്‍ കഴിയും.

ഞെട്ടിപ്പിക്കുന്ന വിധത്തിലാണ് ഈ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്.

പ്ലാസറ്റിക് മാലിന്യ നിക്ഷേപം തടയുന്ന ജില്ലാതല സ്‌ക്വാഡുകളോ ഹരിതകര്‍മ്മ സേനകളോ ഈ ഭാഗത്ത് തിരിഞ്ഞുനോക്കാന്‍ പോലും തയ്യാറാവുന്നില്ല.

പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപത്തേക്കാള്‍ ഭയാനകമാണ് ഇത്തരത്തില്‍ സ്വകാര്യവ്യക്തികളുടെ സ്ഥലത്തുള്ള മാലിന്യ നിക്ഷേപമെന്നും കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.