അയ്യയ്യോ അത് നാണക്കേട്–മാലിന്യം-ധനനഷ്ടം, മാനഹാനി-ഒടുവില്‍ മാലിന്യം പേറലും.

തളിപ്പറമ്പ്: അയല്‍ക്കാരന്റെ വീട്ടുകിണറില്‍ മാലിന്യം തള്ളിയ ആള്‍ക്ക് പണി കിട്ടി.

കരിമ്പം മൈത്രി നഗറിലാണ് സംഭവം.

ഇവിടെ നിര്‍മ്മാണം നടന്നു വരുന്ന വീടിന്റെ കിണറിലാണ് മാലിന്യം തള്ളിയത്.

ഏതാനും മാസങ്ങളായി പണി നടക്കാത്തതിനാല്‍ കാടുകയറി കിടക്കുന്ന വളപ്പിലെ കിണറില്‍ കഴിഞ്ഞ മൂന്നു മാസത്തോളമായി മാലിന്യം നിക്ഷേപിക്കുകയായിരുന്നു.

ഇന്നലെ വീട്ടുടമ എത്തി കാടുവെട്ടി ശുചീകരിച്ചപ്പോഴാണ് കിണറില്‍ മാലിന്യങ്ങള്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടത്.

ഉടന്‍ തന്നെ മൈത്രി നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളേയും നഗരസഭാ കൗണ്‍സിലര്‍ എം.കെ.ഷബിതയേയും വിവരമറിയിച്ചു.

വീട്ടുകിണറില്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ പുറത്തെടുത്ത് കിണര്‍ വെള്ളം മുഴുവന്‍ വറ്റിച്ചു കിണര്‍ ശുചീകരിച്ച ശേഷം വാര്‍ഡ് കൗണ്‍സിലര്‍ എം.കെ.ഷബിത,

മൈത്രീ നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ കെ.പത്മനാഭന്‍, ഷാജി, പി.പി.മുഹമ്മദ് കുഞ്ഞി എന്നിവരുടെ നേതൃത്വത്തില്‍ കിണറില്‍ നിന്ന് പുറത്തെടുത്ത മാലിന്യങ്ങള്‍

പരിശോധിച്ചപ്പോള്‍ ഒരു സ്‌ക്കൂളില്‍ ഫീസടച്ച രസീത് കിട്ടിയതോടെ ഈ വീടിന് തൊട്ടടുത്തായി അടുത്ത കാലത്ത് താമസം തുടങ്ങിയ അയല്‍ക്കാരനാണ് മാലിന്യം തള്ളിയതെന്ന് വ്യക്തമായി. എന്നാല്‍ വീട്ടുടമ ഇത് സമ്മതിക്കാന്‍ തയ്യാറായില്ല,

മാലിന്യനിക്ഷേപവുമായി തങ്ങള്‍ക്ക് യാതൊരുബന്ധവുമില്ലെന്ന് ഇദ്ദേഹം വാദിച്ചതോടെ എന്നാല്‍ പോലീസില്‍ പരാതി നല്‍കാമെന്ന് കൗണ്‍സിലര്‍ നിലപാടെടുത്തതോടെയാണ് മാലിന്യ നിക്ഷേപകന്‍ ഒടുവില്‍ കുറ്റം സമ്മതിച്ചത്.

ഇയാളെ താക്കീത് ചെയ്യുകയും കിണര്‍ ശുചീകരിക്കാന്‍ ചെലവാക്കിയ 8000 രൂപ ഈടാക്കുകയും ചെയ്തു. കിണറില്‍ നിന്ന് പുറത്തെടുത്ത മാലിന്യങ്ങള്‍ മുഴുവന്‍ നിക്ഷേപകന്‍ ഏറ്റെടുക്കുകയും ക്ഷമ പറയുകയും ചെയ്ത ശേഷമാണ് പ്രശ്‌നം പരിഹരിച്ചത്.