തളിപ്പറമ്പിലെ പോലീസ് സി പി എമ്മിന്റെ ചട്ടുകമാവുന്നു: യൂത്ത് ലീഗ്

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഒരു ഇന്നോവ കാര്‍ ആക്രമിക്കപ്പെട്ടതിന്റെ പേരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചാര്‍ത്തി അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മണ്ഡലം കമ്മിറ്റി.

തളിപ്പറമ്പിലെ പോലീസ് നിരപരാധികളായ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് കൊണ്ട് സി പി എമ്മിന്റെയും സ്ഥലം എം എല്‍ എയും മന്ത്രിയുമായ എംവി ഗോവിന്ദന്‍ മാസ്റ്ററുടെയും ചട്ടുകമായിരിക്കുകയാണ്.

എന്നാല്‍ യൂത്ത് ലീഗ് മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ അഷ്‌റഫ് ബപ്പുവിന്റെ സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിക്കുകയും വീടിന്റെ ചുവരുകള്‍ക്ക് തീപടര്‍ന്ന് കേടുപാടുകള്‍ വരുത്തി വീട്ടില്‍

താമസിച്ചവര്‍ക്ക് പോലും അപകടം സംഭവിക്കുന്ന രീതിയിലുള്ള തീവെപ്പ് നടത്തിയവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ അറസ്റ്റ് ചെയ്ത് വിട്ടത് ആരെ പ്രീണിപ്പിക്കാനാണ്.

ഇത് തീര്‍ത്തും അധികാര ദുര്‍വിനിയോഗമാണ്. കുറ്റിക്കോലിലെ ലീഗ് ഓഫീസ് കത്തിച്ച സംഭവം പോലും ഒരന്വേഷണവും നടത്താതെ നിഷ്‌ക്രിയമാക്കിയതിനെതിരെയും ഏകപക്ഷീയമായ നിലപാടിനെതിരെയും പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള സമര പരിപാടികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കും.

ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന തളിപ്പറമ്പിനെ കലാപ കലുഷിതമാക്കാന്‍ ഭരണവര്‍ഗ്ഗം പോലീസ് സഹായത്തോടെ ചെയ്യുന്ന നെറികേടിനെതിരെ

തളിപ്പറമ്പില്‍ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടവും ജനറല്‍ സെക്രട്ടറി എന്‍.യു.ഷഫീക്കും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.