ഏഴാംമൈല്‍ മഹല്ല് ഇനി ഡിജിറ്റല്‍ സംവിധാനത്തിലേക്ക്
ഏഴാംമൈല്‍: മഹല്ല് സംവിധാനം സുതാര്യമാക്കുന്നതിനായി നൂതന മാര്‍ഗങ്ങള്‍ തേടി ഏഴാം മൈല്‍ ഹയാത്തുല്‍ ഇസ്ലാം മദ്‌റസ & രിഫാഈ ജുമാ മസ്ജിദ് കമ്മിറ്റി.
അഞ്ചു വര്‍ഷത്തിലേറെയായി വൈവിധ്യമാര്‍ന്ന ശാക്തീകരണ പദ്ധതികളുമായി മുന്നോട്ട് പോകുന്ന മഹല്ലിന്റെ പ്രവര്‍ത്തനങ്ങളിലെ സുപ്രധാന നാഴികക്കല്ലാണിത്.
250 വീടുകളടങ്ങുന്ന മഹല്ലില്‍ വിദ്യാഭ്യാസം, സാമ്പത്തികം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സക്രിയമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
മഹല്‍നിധി എന്ന പേരില്‍ മഹല്ലിലെ ആവശ്യക്കാര്‍ക്ക് ഉപാധികളോടെ നല്‍കുന്ന പലിശ രഹിത വായ്പ്പ, പ്രീമാരിറ്റല്‍ കോഴ്‌സ്, അവസരോചിതമായ ആരോഗ്യ പഠന ക്ലാസ്,
കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ക്ക് പുറമെ ആവശ്യമായ സാങ്കേതിക സഹായം, ലഹരിവിരുദ്ധ കോഴ്‌സ്, മയ്യിത്ത് പരിപാലനം തുടങ്ങി രോഗികള്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ആവശ്യാനുസരണം സൗജന്യമായി നല്‍കി വരികയും ചെയ്യുന്നു.
ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ മഹല്ല് പരിധിയിലെ വീടുകള്‍, അംഗങ്ങള്‍, അടിസ്ഥാന വിവരങ്ങള്‍, വിദ്യാഭ്യാസ യോഗ്യത, ആരോഗ്യ സ്ഥിതി, ജനന മരണങ്ങള്‍ തുടങ്ങി സമ്പൂര്‍ണ വിവര ശേഖരണം ഡിജിറ്റലൈസ് ചെയ്യപ്പെടും.
കൃത്യമായ അപ്‌ഡേഷനും നടക്കുന്നതോടെ മഹല്ല് സംബന്ധമായ ഏത് അന്വേഷണത്തിനുമുള്ള ഉത്തരം വിരല്‍ത്തുമ്പിലെത്തും.
രാവിലെ ഹയാത്തുല്‍ ഇസ്ലാം മദ്‌റസ ഹാളില്‍ നടന്ന ഡിജിറ്റല്‍ മഹല്ല് പ്രഖ്യാപന ചടങ്ങ് ഖത്വീബ് അസ്ലം ഹുദവി കക്കാട് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എസ്.പി.അബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് സഹായി ഭാരവാഹികളായ മൊയ്തു പാറമ്മല്‍, ശാഫി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടെറി പി.പി.അബ്ദുറഹ്മാന്‍ സ്വാഗതം പറഞ്ഞു. എസ്.പി.അബ്ദുല്ല ഹാജി സോഫ്റ്റ് വെയര്‍ ലോഞ്ചിങ് നടത്തി.