അയ്യായിരം കാട്ടുതെച്ചിചെടികള്‍ പരിയാരത്ത് വളര്‍ത്തി ഔഷധിയുടെ വമ്പന്‍ പരീക്ഷണം

കരിമ്പം.കെ.പി.രാജീവന്‍

പരിയാരം: പ്രകൃതിദത്തമായ രീതിയില്‍ 5000 കാട്ടുചെത്തിചെടികള്‍ വിജയകരമായി വളര്‍ത്തിയെടുത്ത് പരിയാരം ഔഷധി ഗാര്‍ഡന്‍ വിജയം കൊയ്തു.

ചര്‍മ്മരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആയുര്‍വേദ ഔഷധങ്ങളില്‍ പ്രധാന ചേരുവയാണ് ചെത്തിപ്പൂവ്.

മുന്‍കാലങ്ങളില്‍ ഇതിന് കാട്ടുചെത്തിയാണ് ഉപയോഗിച്ചിരുന്നതെങ്കിലും ഇത് ലഭിക്കാത്തതിനാല്‍ വലിയപൂക്കുലകളായി നില്‍ക്കുന്ന നാടന്‍തെച്ചിപ്പൂവുകളാണ് ഉപയോഗിക്കുന്നത്.

ഔഷധിയുടെ ചര്‍മ്മസൗന്ദര്യത്തിന് ഉപയോഗിക്കുന്ന മരുന്നില്‍ ഉറിതൂക്കി, വയമ്പ്, പച്ചമഞ്ഞള്‍ എന്നിവയോടൊപ്പം ചെത്തിപ്പൂവ് ഒരു പ്രധാന ഘടകമാണ്.

ഔഷധത്തിന് മികവ് കൂട്ടുന്നതിനായി കാട്ടുചെത്തിപ്പൂവ് മാത്രം ഉപയോഗിക്കാന്‍ ഔഷധിയുടെ ഗവേഷണവിഭാഗം തീരുമാനമെടുത്തതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പരീക്ഷണം നടത്തിയതെന്ന് ഔഷധി അധികൃതര്‍ പറഞ്ഞു.

ഇതിനായി പരിയാരത്തെ ഔഷധിയുടെ സ്ഥലത്തുനിന്നും കടന്നപ്പള്ളി, എരമം, മാതമംഗലം, കുറ്റൂര്‍ എന്നിവിടങ്ങളിലെ കുന്നുകളിലുള്ള

കുറ്റിക്കാടുകളില്‍ നിന്ന് ശേഖരിച്ച കാട്ടുതെച്ചി ചെടികളുപയോഗിച്ച് കഴിഞ്ഞ വര്‍ഷമാണ് പരീക്ഷണാടിസ്ഥാനത്തില്‍ 5000 ചെടികള്‍ നട്ടത്. മണ്ണും ഉരുളന്‍കല്ലും നിറഞ്ഞ പ്രദേശമാണ് ഇതിനായി തെരഞ്ഞെടുത്തത്.

പൂങ്കുലകളില്‍ വളരെക്കുറച്ച് ചുവന്ന പൂക്കള്‍ മാത്രമാണ് കാട്ടുതെച്ചിയില്‍ ഉണ്ടാവുക.

കളകള്‍ പറിക്കുകയോ വളം ചെയ്യുകയോ ചെയ്യാതെ സ്വാഭാവികരീതിയില്‍ വളര്‍ത്തിയ കാട്ടുതെച്ചിയുടെ ഒരുവര്‍ഷം പ്രായമായ ചെടികള്‍ പുഷ്പ്പിച്ചുകഴിഞ്ഞു.

ഇവയുടെ വിളവെടുപ്പ് അടുത്ത ദിവസം നടക്കും. വലിയതോതില്‍ കാടുവളര്‍ന്ന് തെച്ചിചെടികളെ മൂടിയ നിലയിലാണുള്ളത്. പരീക്ഷണം വിജയിച്ചതോടെ ഈ വര്‍ഷം പുതുതായി 5000 ചെടികള്‍ കൂടി നടാനായി ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.

പ്രകൃതിയില്‍ വളരുന്ന അതേ രീതിയില്‍ കാട്ടുതെച്ചി വളര്‍ത്തിയെടുത്താല്‍ മാത്രമേ ശരിയായ ഔഷധഗുണം ഉണ്ടാകൂ എന്നതിനാലാണ് ഈ രീതി സ്വീകരിച്ചതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

മഞ്ഞ നിറത്തിലുള്ള കാട്ടുതെച്ചികളും ഉണ്ടെങ്കിലും ചുവപ്പ് ഇനം മാത്രമാണ് പരിയാരത്ത് വളര്‍ത്തിയെടുത്തിരിക്കുന്നത്.

ഇക്‌സോറ കൊക്കീനിയ എന്ന ശാസ്ത്രനാമമുള്ള ഇക്‌സോറ ജനുസ്സിലെ ഒരു വിഭാഗമായ തെച്ചി വര്‍ഗങ്ങളില്‍ കാട്ടുതെച്ചിയുടെ പരമാവധി ഉയരും ഒന്നരയടി മാത്രമാണ്.

തെച്ചിയുടെ വേരും ഇലകളും പൂക്കളും രക്തശുദ്ധി ഉണ്ടാക്കാനും ചര്‍മ്മരോഗങ്ങള്‍ സുഖപ്പെടുത്തുന്നതിനും ഉപയോഗിക്കുന്നു.

കുട്ടികള്‍ക്കുണ്ടാകുന്ന ചൊറി, ചിരങ്ങ്, കരപ്പന്‍ എന്നിവക്ക് വെളിച്ചെണ്ണയില്‍ തെച്ചിപ്പൂവിട്ട് കാച്ചി പുരട്ടുന്നതും ആയുര്‍വേദ ശാസ്ത്രപ്രകാരം ഫലപ്രദമാണ്.