ദേശീയപാതയോരത്ത് കാലിമേച്ച് ദാമോദരന്‍ ഒരു വ്യാഴവട്ടം തികയ്ക്കുന്നു.

കരിമ്പം. കെ.പി.രാജീവന്‍

തളിപ്പറമ്പ്: കാലിമേയ്ക്കുന്നവര്‍ കടങ്കഥകളായി മാറിയിട്ടില്ല, ബാക്കണ്ടി ദാമോദരന്‍ എന്ന 72 കാരന്‍ ഇവിടെയുണ്ട്. പക്ഷെ, പുല്‍മേടുകള്‍ നിറഞ്ഞ കുന്നിന്‍ പ്രദേശത്തുകൂടെ സ്വതന്ത്രരായി വിഹരിക്കുന്ന പശുക്കളെ നിയന്ത്രിക്കുന്നയാളല്ല ദാമോദരന്‍ എന്ന വ്യത്യാസമുണ്ടെന്ന് മാത്രം.

തളിപ്പറമ്പ-് പയ്യന്നൂര്‍ ദേശീയപാതയില്‍ കപ്പണത്തട്ട് മുതല്‍ ചുടല വരെയുള്ള ഭാഗത്താണ് ദാമോദരന്‍ സ്ഥിരമായി കാലികളെ മേയ്ക്കാനെത്തുന്നത്.

രാവിലെ 9 മുതല്‍ ഉച്ചക്ക് 12 വരെയുള്ള സമയത്താണ് കാലികള്‍ പച്ചപ്പുല്ലുകള്‍ ആര്‍ത്തിയോടെ അകത്താക്കുന്നത്.

12 വര്‍ഷം മുമ്പാണ് റോഡരികിലെ കാലിമേയ്ക്കല്‍ ആരംഭിച്ചതെന്ന് ദാമോദരന്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.

കപ്പണത്തട്ടില്‍ താമസിക്കുന്ന ക്ഷീരകര്‍ഷകനായ ദാമോദരന്‍ സ്ഥിരമായി പുല്ല് അരിഞ്ഞെടുത്താണ് പശുക്കള്‍ക്ക് നല്‍കിയിരുന്നത്. ഒരു ദിവസം പുല്ലരിയുന്ന കത്തിയുടെ പിടിപൊട്ടിയപ്പോള്‍

യാദൃശ്ചികമായി പശുക്കളെ തീറ്റാന്‍ റോഡരികിലേക്ക് കൊണ്ടുവരികയായിരുന്നു.

നല്ല ഫ്രഷായി കിട്ടിയ പുല്ലകള്‍ ആവേശത്തോടെ കഴിച്ച കാലികള്‍ പിറ്റേന്ന് അരിഞ്ഞ പുല്ലുകള്‍ തിന്നാന്‍ വിമുഖത കാണിച്ചു.

ഭക്ഷണം കഴിക്കാത്തതിന് പരിശോധന നടത്താന്‍ എത്തിയ വെറ്റിനറി സര്‍ജന് പരിശോധനയില്‍ ഒന്നും കാണാനായില്ല.

തലേന്നത്തെ സംഭവം പറഞ്ഞതോടെ ഡോക്ടറുടെ ഉപദേശപ്രകാരമാണ് സ്ഥിരമായി റോഡരികിലെ കാലിമേയ്ക്കല്‍ ആരംഭിച്ചത്.

റോഡരികിലെ കാടുകള്‍ ഇല്ലാതാവുന്നതോടൊപ്പം ഇഷ്ടഭക്ഷണം കഴിക്കുന്ന പശുക്കള്‍ ആവശ്യത്തിലേറെ പാല്‍ നല്‍കുന്നുണ്ടെന്നും ദാമോദരന്‍ പറഞ്ഞു.

എച്ച്.എഫ് ഇനത്തില്‍ പെട്ടതും ജഴ്‌സി വിഭാഗത്തില്‍ പെട്ടതുമായ രണ്ട് പശുക്കളാണ് ദാമോദരനുള്ളത്.

ഏതാണ്ട് ഒന്നേകാല്‍ കിലോമീറ്റര്‍ ദൂരത്തില്‍ റോഡിന്റെ ഇരുഭാഗങ്ങളിലും മാറി മാറിയാണ് പശുക്കളെ മേയിക്കുന്നത്.

12 വര്‍ഷത്തിനിടയില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ മാത്രമേ പശുക്കളെ മേയ്ക്കല്‍ ഒഴിവായിട്ടുള്ളൂ എന്ന് പറയുന്ന ദാമോദരന്‍ ആരോഗ്യം അനുവദിക്കുന്ന കാലത്തോളം ഇത് തുടരുമെന്നും പറയുന്നു.

ഇടതടവില്ലാതെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ദേശീയ പാതയോരത്ത് രണ്ട് വലിയ  പശുക്കളെ കയറ്റില്‍ കെട്ടി മേയ്ക്കുന്നത് വലിയ അധ്വാനമല്ലേ എന്ന ചോദ്യത്തിന്

എന്റെ മക്കള്‍ ഞാന്‍ പറഞ്ഞിടത്ത് നില്‍ക്കുന്നതിനാല്‍ ഇത് മനസില്‍ സംതൃപ്തി നിറയ്ക്കുന്ന ഒരനുഭവമാണെന്നാണ്  പശുക്കളെ ചൂണ്ടി
ദാമോദരന്റെ മറുപടി.