സിഗ്നല്‍ ലൈറ്റുകള്‍ തകരാറായിട്ട് രണ്ടാഴ്ച്ച പിന്നിട്ടു, തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ ഗതാഗത തടസം പതിവായി.

തളിപ്പറമ്പ്: തിരക്കേറിയ അലക്കോട്-മന്ന ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിക്കാതായിട്ട് രണ്ടാഴ്ച്ച പിന്നിടുന്നു.

സംസ്ഥാനപാത-36 ലെ ഈ പ്രധാന ജംഗ്ഷനില്‍ സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാതായതോടെ ഗതാഗത സംവിധാനം കുത്തഴിഞ്ഞു.

ഡ്യൂട്ടിയിലുള്ള പോലീസുകാരന്‍ എത്രതന്നെ അധ്വാനിച്ചാലും ഗതാഗതത്തെ നിയന്ത്രിച്ചു നിര്‍ത്താനാവുന്നില്ല.

വാഹനമോടിക്കുന്നവരുടെയും കാല്‍നടക്കാരുടെയും ഭാഗ്യം കൊണ്ട് മാത്രമാണ് കാര്യമായ അപകടങ്ങള്‍ സംഭവിക്കാതിരിക്കുന്നത്.

കെല്‍ട്രോണ്‍ സ്ഥാപിച്ച സോളാര്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സിഗ്നല്‍ലൈറ്റ് ഇടക്കിടെ കേടാവാറുണ്ടെങ്കിലും ഇത്രയും ദീര്‍ഘിച്ച് പ്രവര്‍ത്തനം നിലയ്ക്കുന്നത് ഇത് ആദ്യമായിട്ടാണ്.

തളിപ്പറമ്പ്-ഇരിട്ടി-ശ്രീകണ്ഠാപുരം-ആലക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഇവിടെ മിനുട്ടുകളോളം വാഹനക്കുരുക്കില്‍ കുടുങ്ങുകയാണിപ്പോള്‍.

നഗരസഭാ അധികൃതര്‍ വിവരമറിയിച്ചത് പ്രകാരം തിരുവനന്തപുരത്തുനിന്നും കെല്‍ട്രോണിന്റെ ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ചതില്‍ കാര്യപ്പെട്ട തകറാറുകള്‍ കണ്ടതിനാല്‍ കേടായ

ഉപകരണങ്ങള്‍ അഴിച്ചെടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിരിക്കയാണെന്ന് നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍പി.പി.മുഹമ്മദ്‌നിസാര്‍   പറഞ്ഞു.

ഈ ആഴ്ച്ചയില്‍ തന്നെ സിഗ്നല്‍ലൈറ്റ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.