വാര്‍ഷിക ഫീസ് അടയ്ക്കാതെ പരീക്ഷാ രജിസ്‌ട്രേഷന്‍ നടത്തില്ലെന്ന് കോളേജധികൃതര്‍-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ബി.ഫാം. വിദ്യാര്‍ഥികള്‍ സമരത്തില്‍
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ബിഫാം അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍.
വാര്‍ഷിക ഫീസ് അടയ്ക്കാത്തവരെ പരീഷാ രജിസ്‌ട്രേഷന്‍ നടത്താനനുവദിക്കാത്ത കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് അധികൃതരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.
അവസാനവര്‍ഷ ബി.ഫാം. വിദ്യാര്‍ഥികളെയാണ് ഒരുവര്‍ഷത്തെ മുഴുവന്‍ വാര്‍ഷിക ഫീസും അടയ്ക്കാതെ ഏഴാം സെമസ്റ്റര്‍ പരീക്ഷാ രജിസ്‌ട്രേ ഷന്‍ നടത്താന്‍ അനുവദിക്കാത്തത്.
1,23,605 രൂപയാണ് വാര്‍ഷിക ഫീസ്. അവസാന രണ്ടു സെമസ്റ്ററുകളിലായാണ് ഇത് അടച്ചു തീര്‍ക്കേണ്ടത്.
ഈ മാസം 26 നാണ് ഏഴാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങുന്നത്. ആറിനായിരുന്നു പിഴയില്ലാതെ പരീക്ഷാ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി.
എല്ലാവരും ഈ തീയതിക്കുള്ളില്‍ ഫീസ് അടച്ചിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
എന്നാല്‍ വാര്‍ഷിക ഫീസ് അടച്ച ശേഷമേ പരീക്ഷാ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്നാണ് കോളേജധികൃതര്‍ സ്വീകരിക്കുന്ന നിലപാടെന്ന് വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു.
62 വിദ്യാര്‍ഥികളാണ് അവസാന വര്‍ഷ ബി.ഫാം. കോഴ്‌സിലുള്ളത്. ഇതില്‍ 15 പേരുടെ മാത്രമാണ് രജിസ്‌ട്രേഷന്‍ കോളേജ് അധികൃതര്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.
അതേസമയം വാര്‍ഷിക ഫീസ് അടയ്ക്കാന്‍ പത്തുമാസം മുന്‍പു തന്നെ ആവശ്യപ്പെട്ടിരുന്നതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. ഒരു മാസം കൂടി ഫീസടക്കാന്‍ സമയം നീട്ടിനല്‍കിയതായും അധികൃതര്‍ പറഞ്ഞു.