പറശിനിക്കടവ് പുത്തരി തിരുവപ്പന മഹോല്‍സവം ഇന്ന് കൊടിയേറും.
പറശ്ശിനിക്കടവ്: പറശിനിക്കടവ് മടപ്പുര പുത്തരി തിരുവപ്പന മഹോല്‍സവം ഇന്ന് (ഡിസംബര്‍ 2 ന്) ആരംഭിക്കും.

രാവിലെ 9.50 നും 10.26 നും ഇടയില്‍ പി.എം.സതീശന്‍ മടയന്റെ സാന്നിധ്യത്തില്‍ മാടമന ഇല്ലത്ത് നാരായണന്‍ നമ്പൂതിരി കൊടിയേറ്റും.
വൈകിട്ട് മൂന്നിന് മലയിറക്കല്‍ ചടങ്ങോടെ കാഴ്ച്ച വരവ് തുടങ്ങും. കണ്ണൂര്‍ തയ്യില്‍ കുടുംബക്കാരുടെ കാഴ്ച്ചയെ ആദ്യം വരവേല്‍ക്കും.
തുടര്‍ന്ന് കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനഞ്ചോളം ഭജന സംഘങ്ങളുടെ കാഴ്ച്ച വരവ് ക്ഷേത്രത്തിലെത്തും.
സന്ധ്യാദീപത്തിനുശേഷം മുത്തപ്പന്‍ വെള്ളാട്ടം. രാത്രി 11 ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍ കലശം എഴുന്നള്ളിപ്പിനായി മടപ്പുരയില്‍ നിന്ന് കുന്നുമ്മല്‍ തറവാട്ടിലേക്ക് പോകും.
രാത്രി 12 ന് വമ്പിച്ച കരിമരുന്ന് പ്രയോഗം. തുടര്‍ന്ന് കലശവുമായി തിരിച്ചെഴുന്നള്ളത്ത്.
മൂന്നിന് പുലര്‍ച്ചെ 5.30 ന് പുത്തരി തിരുവപ്പന. രാവിലെ പത്തോടെ ഭജന സംഘങ്ങളെ മുത്തപ്പന്‍ അനുഗ്രഹിച്ച് യാത്രയാക്കും.
ഡിസംബര്‍ 4 ന് പറശ്ശിനിക്കടവ് കച്ചവട ക്ഷേമ സംഘം സംഘടിപ്പിക്കുന്ന ഉല്‍സവാഘോഷ പരിപാടിയുടെ ഉദ്ഘാടനം ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി. മുകുന്ദന്‍ നിര്‍വ്വഹിക്കും,
തുടര്‍ന്ന് വൈകു 6 മണി മുതല്‍ 10 മണി വരെ പറശ്ശിനിക്കടവ് ബസ് സ്റ്റാന്‍ഡില്‍ പിന്നണി ഗായകന്‍ അതുല്‍ നറുകര നയിക്കുന്ന പയ്യന്നൂര്‍ എസ്.എസ്. ഓര്‍ക്കെസ്ട്ര അവതരിപ്പിക്കുന്ന സൂപ്പര്‍ ഹിറ്റ് ഗാനമേള, തുടര്‍ന്ന് 11 മണിയ്ക്ക് കരിമരുന്ന് പ്രയോഗം.
ഉല്‍സവം കൊടിയിറക്കം ഡിസംബര്‍ 6 ന്.
5, 6 തീയ്യതികളില്‍ രാത്രി കഥകളിയും, ഡിസംബര്‍ 1 ന് രാത്രി 7.30 ന് മുത്തപ്പസന്നിധിയില്‍ കണ്ണൂര്‍ സപ്തസ്വര അവതരിപ്പിക്കുന്ന ഭക്തി ഗാനാര്‍ച്ചനയും ഉണ്ടായിരിക്കുന്നതാണ്.
തുടര്‍ന്ന് എല്ലാ ദിവസവും തിരുവപ്പനയും വെള്ളാട്ടവും ഉണ്ടായിരിക്കുന്നതാണ്. ഈ വര്‍ഷത്തെ പുത്തരി തിരുവപ്പന ഉല്‍സവം ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് ഹരിതോല്‍സവമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആന്തൂര്‍ നഗരസഭയുടെ നേതൃത്യത്തില്‍ ആരംഭിച്ചിട്ടുണ്ട്.
